വാഹനപ്രേമികളുടെ എക്കാലത്തെയും ഇഷ്ടവാഹനമായ ഹോണ്ട സിറ്റി അടിമുടി മാറ്റത്തിനൊരുങ്ങുന്നു. ഏറെ ആഡംബരത്തോടെയാണ് വാഹനത്തിന്റെ എക്സറ്റീരിയര്‍ ഒരുക്കിയത്. ആദ്യം തായ്ലന്ഡിലെ നിരത്തിലെത്തുന്ന വാഹനം ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യയിലേക്കും എത്തും.
മുന്‍ വശത്തിന് ഹോണ്ട സിവിക്കിനോട് ഏറെ സാമ്യമുണ്ട്. എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി ഡേ ടൈംറണ്ണിങ് ലൈറ്റ്, എല്‍ഇഡി ഫ്രണ്ട് ഫോഗ് ലാമ്പ് എന്നിവ മുന്‍വശത്തിന് മോഡി കൂട്ടുന്നു. പുതിയ ഡ്യുവല്‍ ടോണ്‍ ഡയമണ്ട് കട്ട് അലോയി വീല്‍, ഡോറിന് ചുറ്റും നല്‍കിയിട്ടുള്ള ക്രോമിയം സ്ട്രിപ്പ്, ഷാര്‍ക്ക് ഫിന് ആന്റിന, പ്രീമിയം കാറുകളോട് കിടപിടിക്കുന്ന എല്‍ഇഡി ടെയില്‍ ലാമ്പ്, എന്നിവയാണ് എക്സ്റ്റീരിയറിലെ പുതുമകള്‍.
പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ക്കൊപ്പം പുതിയ 1.0 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ പെട്രോള്‍ എന്‍ജിനിലും, ഹൈബ്രിഡ് എന്‍ജിനിലും ഇത്തവണ ഹോണ്ട സിറ്റി എത്തുമെന്നാണ് സൂചന. 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലായിരിക്കും ഹൈബ്രിഡ് മോഡല്‍ ഒരുങ്ങുന്നത്.
1.5 ലിറ്റര്‍ i-VTEC എഞ്ചിനാണ് പെട്രോള്‍ വകഭേദത്തിന് കരുത്തേകുന്നത്. 6 സ്പീഡ് മാനുവല്‍/സിവിടി ട്രാന്സ്മിഷനില് ഈ എഞ്ചിന് 117 ബിഎച്ച്പി കരുത്തും 145 എന്‍എം ടോര്‍ക്കുമേകും. ഡീസല്‍ സിറ്റിയില്‍ 1.5 ലിറ്റര്‍ i-DTEC എഞ്ചിന് 6 സ്പീഡ് മാനുവല്‍ ട്രാന്സ്മിഷനില് 100 ബിഎച്ച്പി കരുത്തും 200 എന്‍എം ടോര്‍ക്കുമേകും.