യുവാക്കളെ ലക്ഷ്യമിട്ട് കവസാക്കിയുടെ പുതിയ നിഞ്ച ZX-6R ഇന്ത്യയിലെത്തി. ഈ വാഹനത്തിന്റെ ബുക്കിങ് നേരത്തെ ആരംഭിച്ചിരുന്നു. ഫെബ്രുവരിയോടെ മോഡല്‍ ഉപഭോക്താക്കള്‍ക്ക് കൈമാറി തുടങ്ങും. 10.49 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില. അലൂമിനിയം ഫ്രെയ്മില് നിര്‍മ്മിച്ച പുതിയ ZX-6R ന് 196 കിലോഗ്രാമാണ് ആകെ ഭാരം.
ട്വിന്‍ എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി ടെയില്‍ലൈറ്റ്, അനലോഗ് ടാക്കോമീറ്ററോടുകൂടിയ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് പാനല്‍, സിംഗിള്‍ സീറ്റ്, സൈഡ് മൗണ്ടഡ് എക്സ്ഹോസ്റ്റ്, ഗ്രാഫിക്സ് ഡിസൈന്‍ നല്‍കിയിട്ടുള്ള സൈഡ് മാസ്കുകള്‍ എന്നിവ ZX-6R ന്റെ മോഡി കൂട്ടുന്നു.
അഡ്ജസ്റ്റ് ചെയ്യാവുന്ന ബ്രേക്ക്-ക്ലച്ച് ലിവര്‍, കവസാക്കി ട്രാക്ഷന്‍ കണ്ട്രോള്, കവസാക്കി ക്വിക്ക് ഷിഫ്റ്റര്‍ തുടങ്ങിയ സംവിധാനങ്ങളും വാഹനത്തിലുണ്ട്. 636 സിസി ഇന്‍-ലൈന്‍ ഫോര്‍ സിലിണ്ടര്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് വാഹനത്തിന് കരുത്തേകുന്നത്.
13,500 ആര്‍പിഎമ്മില്‍ 134 ബിഎച്ച്പി പവറും 11,000 ആര്‍പിഎമ്മില്‍ 70.8 എന്‍എം ടോര്‍ക്കുമേകുന്നതാണ് എന്ജിന്. സ്ലിപ്പര്‍ ക്ലച്ചോടെ 6 സ്പീഡാണ് ട്രാന്സ്മിഷന്. സുരക്ഷയ്ക്കായി കവസാക്കി ഇന്റലിജന്റ് ആന്റി ലോക്ക് ബ്രേക്ക് സിസിറ്റത്തിനൊപ്പം മുന്നില്‍ 310 എംഎം ഡിസ്കും പിന്നില്‍ 220 എംഎം ഡിസ്ക് ബ്രേക്കുമാണുള്ളത്.