ആവശ്യക്കാരുടെ എണ്ണം കുറഞ്ഞത് മൂലം ബ്രിയോന്റെ ഉത്പാദനം അവസാനിപ്പിക്കാനൊരുങ്ങി ഹോണ്ട. ഇടി ഓട്ടോ ന്യൂസ് പോര്‍ട്ടലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചെറുകാര്‍ വിപണിയില്‍ സ്വാധീനം ഉറപ്പിക്കാനായി ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട പുറത്തിറക്കിയ ഹാച്ച് ബാക്കായിരുന്നു ബ്രിയോ. 2011-ല്‍ നിരത്തിലെത്തിച്ച ഈ വാഹനത്തിന്റെ ഉതപാദനം ഹോണ്ട അവസാനിപ്പിക്കുകയാണെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.
മത്സരം ശക്തിയാര്‍ജിച്ചതോടെ എതിരാളികളെ ചെറുക്കാനായി 2016-ല്‍ കൂടുതല്‍ ഫീച്ചറുകളോടെയും കൂടുതല്‍ സ്റ്റൈലിഷായും ബ്രിയോ അവതരിപ്പിച്ചിരുന്നു. എന്നാല്‍, ഈ രണ്ടാം വരവിലും നിരത്തില്‍ ശ്രദ്ധപിടിച്ച് പറ്റാന്‍ ഹോണ്ട ബ്രിയോയിക്ക് സാധിക്കാത്ത പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ ഉത്പാദനം അവസാനിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓഗസ്റ്റ്, സെപ്തംബര്‍ മാസത്തില്‍ 120 വാഹനങ്ങളാണ് ഹോണ്ട നിര്‍മ്മിച്ചതെന്ന് സിയാം പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ജൂലൈ മാസത്തില്‍ 183, ഓഗസ്റ്റില്‍ 157, സെപ്തംബറില്‍ 64, ഒക്ടോബറില്‍ 27 എന്നിങ്ങനെയാണ് വാഹനങ്ങള്‍ നിരത്തിലെത്തിച്ചത്. ഹോണ്ട ബ്രിയോ ഉള്‍പ്പെടുന്ന ചെറുകാര്‍ ശ്രേണിയില്‍ പ്രതിമാസം 35,000-ത്തില്‍ അധികം വാഹനങ്ങളാണ് ഇന്ത്യന്‍ നിരത്തില്‍ എത്തുന്നത്.
അതേസമയം, കഴിഞ്ഞ ഏതാനും മാസങ്ങളായി ഹോണ്ടയ്ക്ക് വലിയ വില്‍പ്പന നേട്ടമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഒക്ടോബര്‍ മാസം 14,233 വാഹനങ്ങളാണ് ഹോണ്ടയില്‍ നിന്ന് പുറത്തിറങ്ങിയത്. ഇന്ത്യയില്‍ ഉത്പാദനം അവസാനിപ്പിക്കുമ്പോഴും രാജ്യാന്തര നിരത്തില്‍ ബ്രിയോ തുടരുമെന്നാണ് സൂചന.