ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ ഇന്ത്യയിലേക്കുള്ള വരവറിയിച്ച കിയ എസ്പി 2ഐ അടുത്തവര്‍ഷം വിപണിയിലെത്തും. കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയാ മോട്ടോഴ്സിന്റെ ആദ്യ കാറാണ് കിയ എസ്പി 2 ഐ. ഇതിന്റെ കണ്‍സെപ്റ്റ് മോഡല്‍ കിയ പ്രദര്‍ശിപ്പിച്ചിരുന്നു. ഇന്ത്യയുടെ റോയല്‍ ബംഗാള്‍ ടൈഗറിന്റെ കരുത്തുറ്റ മുഖത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ് വാഹനത്തിന്റെ ഡിസൈന്‍.
ആന്ധ്രപ്രദേശിലെ അനന്തപുരില്‍ പുതിയ പ്ലാന്റ് ഉദ്ഘാടനം ചെയ്ത് കിയാ മോട്ടോഴ്സ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത് ഒരു വര്‍ഷം മുമ്പാണ്. 2019 പകുതിയോടെ ഇത് പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകും. പ്ലാന്റിന്റെ വാര്‍ഷിക ഉത്പാദനശേഷി 3,00,000 വാഹനങ്ങളാണ്. 3,000 പേര്‍ക്ക് നേരിട്ട് ഇതിലൂടെ തൊഴില്‍ ലഭിക്കും.
ആഗോള നിലവാരമനുസരിച്ചുള്ള സാങ്കേതിക വിദ്യയില്‍, ഏറ്റവും മികച്ച തദ്ദേശീയ നിര്‍മ്മാണത്തിനായി പ്ലാന്റില്‍ 110 കോടി ഡോളറാണ് കിയാ നിക്ഷേപിച്ചിരിക്കുന്നത്.
കമ്പനിയുടെ ആഗോള ലക്ഷ്യത്തിന്റെ ഭാഗമായി 2025-ഓടെ 16 ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിക്കാനും പദ്ധതിയുണ്ട്. അനന്തപുര്‍ പ്ലാന്റില്‍നിന്ന് 2021-ഓടെ ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാനാകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
ആഗോള തലത്തില്‍ കിയാ മോട്ടോഴ്സ് കോര്പ്പറേഷന് കഴിഞ്ഞ വര്‍ഷം 2.8 ദശലക്ഷം കാറുകളാണ് വിറ്റഴിച്ചത്. മൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ അഞ്ച് മുന്‍നിര വാഹന നിര്‍മ്മാതാക്കള്‍ക്കൊപ്പം എത്തുകയാണ് ലക്ഷ്യം.