എം ജി മോട്ടോഴ്സുമായി ‘സായ്ക്’ എത്തുന്നതിനു പിന്നാലെ ചൈനീസ് എസ് യു വി, പിക് അപ് നിര്‍മാതാക്കളായ ഗ്രേറ്റ് വാള് മോട്ടോഴ്സും ഇന്ത്യയില്‍ പ്രവേശിക്കാന്‍ തയാറെടുക്കുന്നു. 2021 22 സാമ്പത്തിക വര്‍ഷത്തിനകം ഇന്ത്യന്‍ വിപണിയില്‍ പ്രവര്‍ത്തനം ആരംഭിക്കാനാണു കമ്പനിയുടെ നീക്കം.
ചൈനയിലെ ഏറ്റവും വലിയ എസ് യു വി നിര്‍മാതാക്കളായ ഗ്രേറ്റ് വാള് മോട്ടോഴ്സിന്റെ മോഡലുകള്‍ ‘ഹാവല്‍’ ബ്രാന്‍ഡിലാണു വില്‍പ്പനയ്ക്കെത്തുന്നത്. ഇതിനു പുറമെ മുന്തിയ എസ് യു വികള്‍ വെയ് എന്ന വ്യാപാര നാമത്തിലും കമ്പനി ചൈനീസ് വിപണിയില്‍ ലഭ്യമാക്കുന്നുണ്ട്. കമ്പനിയുടെ പിക് അപ് ട്രക്കുകളാവട്ടെ ഗ്രേറ്റ് വാള് എന്ന പേരില്‍ തന്നെയാണു വില്‍പ്പനയ്ക്കെത്തുന്നത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ ഗവേഷണത്തിനും വൈദ്യുത വാഹനങ്ങള്‍ക്കുള്ള സോഫ്റ്റ്വെയര് കോഡിങ്ങിനുമായി സ്ഥാപിച്ച ടെക്നോളജി ഹബ് മാത്രമാണു നിലവില്‍ ഗ്രേറ്റ് വാള് മോട്ടോഴ്സിന് ഇന്ത്യയിലുള്ള സാന്നിധ്യം. എസ് യു വികളും പിക് അപ് ട്രക്കുകളുമായി വിപണിയില്‍ പ്രവേശിക്കുന്നതിന മുന്നോടിയായി ഇന്ത്യയില്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിക്കാനുള്ള നടപടികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.
മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡില്‍ പ്രോഡക്ട് പ്ലാനിങ്, സ്ട്രാറ്റജി വിഭാഗം മേധാവിയായിരുന്ന കൗശിക് ഗാംഗുലിയെയാണു ഗ്രേറ്റ് വാള് മോട്ടോഴ്സ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ നേതൃപദവി ഏല്‍പ്പിച്ചിരിക്കുന്നത്.
ഇന്ത്യക്കാര്‍ക്ക് എസ് യു വികളോടുള്ള പ്രതിപത്തിയേറിയതും വൈദ്യുത വാഹനങ്ങള്‍ക്കു പ്രചാരമേറുന്നതുമാണ് ഈ വിപണിയില്‍ പ്രവേശിക്കാന്‍ ഗ്രേറ്റ് വാള് മോട്ടോഴ്സിനെ പ്രേരിപ്പിച്ചതെന്നാണു സൂചന.