ഇന്ത്യയില്‍ ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പനയില്‍ വര്‍ധനവ്. സൊസൈറ്റി ഓഫ് മാനുഫാക്ചേഴ്സ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സിന്റെ കണക്കുപ്രകാരം 2018 മാര്‍ച്ച് അവസാനത്തോടെ ഏകദേശം 56,000 ഇലക്ട്രിക് വാഹനങ്ങളാണ് നിരത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 54,800 വാഹനങ്ങളും ഇരുചക്രവാഹനങ്ങള്‍ ആയിരുന്നു.
ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുടെ വില്‍പ്പന മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 2017-18ല്‍ 138 ശതമാനം ഉയര്‍ച്ച കൈവരിച്ചിട്ടുണ്ട്.ഇതേസമയം, ഇലക്ട്രിക് കാറുകളുടെ വില്‍പ്പന 40% ഇടിഞ്ഞിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
വൈദ്യുത വാഹന നിര്‍മ്മാതാക്കളില്‍ അധികവും ഇരുചക്രവാഹനങ്ങളില്‍ ലിഥിയം ഇയോണ്‍ ബാറ്ററികള്‍ ഉപയോഗിച്ച് തുടങ്ങിയത് വാഹനങ്ങളുടെ പ്രകടനം മെച്ചപ്പെടാന്‍ സഹായിച്ചതിനൊപ്പം ഉപഭോക്താക്കളുടെ ആത്മവിശ്വാസവും വര്‍ധിപ്പിച്ചുവെന്നാണ് സൂചന.
ഇലക്ട്രിക് വാഹനങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നത് പരിസ്ഥിതി സൗഹാര്‍ദ്ദപരവും സാമ്പത്തികലാഭമുള്ള ഗതാഗതമാര്ഗവുമായി ആളുകള്‍ അവയെ സ്വീകരിച്ചു തുടങ്ങി എന്നതിന്റെ സൂചനയാണെന്ന് എസ്എംഇവി കോര്‍പ്പറേറ്റ് അഫയേഴ്സ് ഡയറക്ടര്‍ സോഹിന്ദര്‍ ഗില്‍ പറയുന്നു.