വന്‍ നേട്ടവുമായി മഹീന്ദ്രയുടെ മരാസോ. എംപിവി വാഹന ശ്രേണിയില്‍ മഹീന്ദ്ര ആന്‍ഡ് പുറത്തിറക്കിയ മരാസോയുടെ ബുക്കിങ് 10,000 യൂണിറ്റ് പിന്നിട്ടതായി കമ്പനി വ്യക്തമാക്കി. വിപണിയിലെത്തി വെറും ഒരു മാസം പിന്നിടുമ്പോഴാണ് മരാസോയുടെ ഈ നേട്ടം.
എം 2, എം 4, എം 6, എം 8 എന്നീ മോഡലുകളാണ് മഹീന്ദ്ര ഇപ്പോള്‍ പുറത്തിറക്കിയത്. എം 2 ന് 9.99 ലക്ഷം രൂപയും എം 4 ന് 10.95 ലക്ഷം രൂപയും എം 6 ന് 12.40 ലക്ഷം രൂപയും എം 8 ന് 13.90 ലക്ഷം രൂപയുമാണ് വില. 17.6 കിലോമീറ്ററാണ് കമ്പനി നല്കുന്ന മൈലേജ്.
1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനാണ് മരാസോയില്‍. 121 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കുമുണ്ട്. ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനാണ് ഉപയോഗിക്കുന്നത്.
വാഹനത്തിന്റെ എം 2 മോഡലില്‍ 16 ഇഞ്ച് അലോയ് വീലുകളാണ് ഉപയോഗിക്കുന്നത്.
പവര്‍ വിന്‍ഡോ, ഫാബ്രിക് സീറ്റ് അപ്ഹോള്‍സ്റ്ററി, വെര്‍ട്ടിക്കലി റൂഫ് മൗണ്ടഡ് എസി, എസി വെന്റുകള്‍, സെന്‍ട്രല്‍ ലോക്കിങ്, ഡിജിറ്റല്‍ ക്ലോക്ക്, മാനുവല്‍ മിററുകള്‍, എന്ജിന് ഇമൊബിലൈസര്‍ എന്നീ പ്രത്യേകതകളുമുണ്ടാകും. എം 4 മോഡലില്‍ എം 2 ലെ ഫീച്ചറുകള്‍ കൂടാതെ ഷാര്‍ക്ക് ഫിന് ആന്റിന, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്, മുന്‍നിരയിലുള്ള യുഎസ്ബി പോര്‍ട്ട്, പിന്നിലെ വൈപ്പര്‍, ഇലക്ട്രിക്കലി അഡ്ജസ്റ്റബിള് മിററുകള്‍, വോയിസ് മെസേജിങ് സംവിധാനം എന്നിവയുണ്ട്.
പിന്‍നിര യാത്രക്കാര്‍ക്കു വേണ്ടി യുഎസ്ബി, അഡത കണക്ടിവിറ്റി എന്നീ ഓപ്ഷനുകളുമുണ്ട്. എംപിവി സെഗ്മെന്റില്‍ ഇന്നോവ ക്രിസ്റ്റ, മാരുതി എര്‍ട്ടിഗ എന്നിവയ്ക്ക് ഇടയിലാണ് മരാസോയുടെ സ്ഥാനം. താരതമ്യേന കുറഞ്ഞ വിലയും വേറിട്ട ഡിസൈനുമാണ് വിപണിയിലെ ഈ കുതിപ്പിനു പിന്നിലെന്നാണ് വിലയിരുത്തല്‍.
2018 സെപ്തംബര്‍ 3നാണ് വാഹനം വിപണിയിലെത്തിയത്. ഒരു സ്രാവിന്റെ മാതൃകയിലാണ് മരാസോയുടെ ഡിസൈന്‍. 9.9 ലക്ഷം രൂപ മുതല്‍ 13.90 ലക്ഷം രൂപവരെയാണ് വാഹനത്തിന്റെ വില. നാല് മോഡലില്‍ വാഹനം ലഭിക്കും. 2020-ഓടെ പെട്രോള്‍, ഓട്ടോമാറ്റിക് പതിപ്പുകള്‍ പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.