ഏഴു സീറ്റര്‍ CR-V എസ്യുവിയെ ഇന്ത്യന്‍ വിപണിയില്‍ ഇറക്കി ഹോണ്ട. 28.15 ലക്ഷം രൂപയാണ് 2018 ഹോണ്ട CR-V യുടെ പ്രാരംഭ വില. മൂന്നു വകഭേദങ്ങള്‍ പുതിയ ഹോണ്ട CR-V-യിലുണ്ട്. ടൂ വീല്‍ ഡ്രൈവ് പെട്രോള്‍, ടൂ വീല്‍ ഡ്രൈവ് ഡീസല്‍, ഓള് വീല്‍ ഡ്രൈവ് ഡീസല്‍ മോഡലുകള്‍ CR-V നിരയില്‍ ഉള്‍പ്പെടുന്നു. ഇടത്തരം ഡീസല്‍ ടൂ വീല്‍ ഡ്രൈവ് മോഡല്‍ 30.65 ലക്ഷം രൂപയ്ക്കാണ് വില്പനയ്ക്കെത്തുന്നത്. ഡീസല്‍ മോഡലില്‍ മാത്രമെ CR-V യുടെ ഏഴു സീറ്റര്‍ പതിപ്പ്.
പുറം മോഡിയില്‍ മാറ്റങ്ങള്‍ ഉണ്ടെങ്കിലും പാരമ്പര്യത്തിന് ഒട്ടും തകര്‍ച്ച സംഭവിക്കാതെയാണ് പുതിയ മോഡലുകള്‍. ക്രോം ആവരണമുള്ള പുത്തന്‍ ഗ്രില്ലും കൂര്‍ത്തുനില്‍ക്കുന്ന ഹെഡ്ലാമ്പുകളും എസ്യുവിക്ക് പതിവിലുമേറെ ഭംഗി കൂട്ടുന്നു. ഹെഡ്ലാമ്പില് തന്നെയാണ് ഡെയ്ടൈം റണ്ണിംഗ് ലൈറ്റുകള്‍. സില്‍വര്‍ സ്കിഡ് പ്ലേറ്റും എല്‍ഇഡി ഫോഗ്ലാമ്പുകളും എസ്യുവിയുടെ പരുക്കന്‍ ഭാവത്തെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. വശങ്ങളില് ഡയമണ്ട് കട്ട് ശൈലിയുള്ള മൂന്നു സ്പോക്ക് 18 ഇഞ്ച് അലോയ് വീലുകളാണ് മുഖ്യാകര്‍ഷണം.
കോണോടുകോണ്‍ ചേര്‍ന്ന ടെയില്‍ലാമ്പുകള്‍, ടെയില്‍ഗേറ്റിന് കുറുകെയുള്ള ക്രോം ബാര്‍, ഷാര്‍ക്ക് ഫിന് ആന്റീന, റൂഫ് റെയിലുകള്‍ തുടങ്ങിയവ പുതിയ CR-V യുടെ പ്രത്യേകതയില്‍ പെടും. വൈറ്റ് ഓര്‍ക്കിഡ് പേള്‍, റേഡിയന്റ് റെഡ്, ഗോള്‍ഡന്‍ ബ്രൗണ്‍ മെറ്റാലിക്, മോഡേണ്‍ സ്റ്റീല്‍ മെറ്റാലിക്, ലൂണാര്‍ സില്‍വര്‍ മെറ്റാലിക് എന്നിങ്ങനെ അഞ്ചു നിറങ്ങളില്‍ എസ്യുവി ലഭ്യമാണ്.