ദീര്‍ഘദൂര യാത്രകള്‍ പോകാനായി നിങ്ങള്‍ ഉദ്ദേശിക്കുന്നുണ്ടോ? പോകുന്നുവെങ്കില്‍ ഇവനെ നിങ്ങള്‍ക്ക് ഒപ്പം കൂട്ടാം. ആരാധകരെ ഞെട്ടിച്ചു കൊണ്ട് സുസുക്കി വി-സ്ട്രോം 650 XT വിപണിയില്‍ എത്തിയിരിക്കുകയാണ്. 7.46 ലക്ഷം രൂപയാണ് വിപണി വില. ഹയബൂസയ്ക്കും GSX-S750 -യ്ക്കും ശേഷം ഇന്ത്യയില്‍ നിന്നും പ്രാദേശികമായി സംയോജിപ്പിച്ച് വില്പനയ്ക്കെത്തുന്ന സുസുക്കിയുടെ മൂന്നാമത്തെ ബൈക്കാണ് വി-സ്ട്രോം 650 XT.
മോഡലിന്റെ ബുക്കിംഗ് ഒരുമാസം മുമ്പെ കമ്പനി തുടങ്ങിയിരുന്നു. ബുക്കിംഗ് തുക 50,000 രൂപ. മുതിര്‍ന്ന വി-സ്ട്രോം 1000 മോഡലില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളുന്ന വി-സ്ട്രോം 650 XT -യില്‍ സൗകര്യങ്ങള്‍ക്കും സംവിധാനങ്ങള്‍ക്കും കമ്പനി ഭംഗം വരുത്തിയിട്ടില്ല. രാജ്യാന്തര നിരയില്‍ വി-സ്ട്രോം 650 -യ്ക്ക് രണ്ടു വകഭേദങ്ങളുണ്ടെങ്കിലും ഓഫ്റോഡ് മികവുകൂടിയ XT പതിപ്പിനെ മാത്രമാണ് സുസുക്കി ഇന്ത്യയില്‍ കൊണ്ടുവന്നിരിക്കുന്നത്. ഘട്ടങ്ങളായി ഇറക്കുമതി ചെയ്തതിന് ശേഷം ഇന്ത്യയില്‍ നിന്നും ബൈക്കിനെ സംയോജിപ്പിക്കുകയാണ് സുസുക്കി.
വി-സ്ട്രോം 650 XT -യിലുള്ള 645 സിസി വി-ട്വിന്‍ എഞ്ചിന് 70 bhp കരുത്തും 62.3 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ദീര്‍ഘദൂര യാത്രകള്‍ക്ക് പ്രത്യേകം തയ്യാറാക്കിയ ആറു സ്പീഡ് ഗിയര്‍ബോക്സാണ് മോഡലില്‍ ഒരുങ്ങുന്നത്. മേല്‍ത്തരം വയര്‍ സ്പോക്ക് റിമ്മുകളില്‍ ബ്രിഡ്ജ്സ്റ്റോണ് ബാറ്റ്ലാക്സ് അഡ്വഞ്ചചര്‍ A40 ട്യൂബ്ലെസ് ടയറുകളാണ് ഇടംപിടിക്കുന്നതും.
മുന്നില്‍ ടെലിസ്കോപിക് ഫോര്‍ക്കുകളും പിന്നില്‍ മോണോഷോക്ക് അബ്സോര്‍ബറുകളും സസ്പെന്ഷന് നിറവേറ്റും. പ്രീലോഡും റീബൗണ്ടും ക്രമീകരിക്കാന്‍ പറ്റുംവിധത്തിലാണ് മോണോഷോക്ക് അബ്സോര്‍ബര്‍ സംവിധാനം.