ബെര്‍ലിന്‍: ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്സ് വാഗണ്‍ തങ്ങളുടെ ഐക്കണ്‍ വാഹനമായ ബീറ്റിലിന്റെ നിര്‍മാണം അവസാനിപ്പിക്കുന്നു. അമേരിക്കയിലുള്ള യൂണിറ്റിലാണു നിര്‍മാണം നിര്‍ത്തുന്നത്. രണ്ടു പുതിയ എഡിഷന് ഇറക്കി അടുത്ത വര്‍ഷം ജൂലൈയോടെ ഉത്പാദനം പൂര്‍ണമായി നിര്‍ത്തുമെന്ന് കമ്പനിയുടെ അമേരിക്കന്‍ യൂണിറ്റ് പത്രക്കുറിപ്പില്‍ അറിയിച്ചു.
1938-ല്‍ നാസി ജര്‍മനിയിലാണ് ബീറ്റില്‍ ഉത്ഭവിക്കുന്നത്. തൊഴിലാളി വര്‍ഗത്തിനുവേണ്ടി ചെലവു കുറഞ്ഞ കാര്‍ നിര്‍മിക്കണമെന്ന ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലറുടെ അഭ്യര്‍ഥന പ്രകാരമായിരുന്നു ഇത്. ഓസ്ട്രിയന്‍ എന്‍ജിനീയറായ ഫെര്‍ഡിനാന്റ് പോര്‍ഷെയാണു കാര്‍ രൂപകല്‍പ്പന ചെയ്തത്.
1939 ബര്‍ലിന്‍ മോട്ടോര്‍ഷോയില്‍ ഫോക്സ് വാഗണ്‍ ആദ്യം പ്രത്യക്ഷപ്പെട്ടു. 1949-ല്‍ ആണ് ബീറ്റില്‍ അമേരിക്കന്‍ വിപണിയിലെത്തുന്നത്. 30 വര്‍ഷം വിപണിയിലുണ്ടായിരുന്ന ബീറ്റില്‍ 1979-ല്‍ അമേരിക്കയില്‍ വില്‍പ്പന നിര്‍ത്തി. പിന്നീട് 1998-ല്‍ അമേരിക്കയില്‍ ന്യൂ ബീറ്റില്‍ അവതരിപ്പിച്ച് ഫോക്സ് വാഗണ്‍ വീണ്ടും നിര്‍മാണം തുടര്‍ന്നു. എന്നാല്‍ വനിതാ യാത്രികരെയാണ് കാര്‍ ഏറെ ആകര്‍ഷിച്ചത്.
ഇതേതുടര്‍ന്ന് 2012-ല്‍ വീണ്ടും പുരുഷ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ബീറ്റില്‍ മുഖംമിനുക്കി പുറത്തിറക്കി. ആദ്യ രണ്ടു വര്‍ഷങ്ങളില്‍ ഏറെ ആവശ്യക്കാരുണ്ടായിരുന്നെങ്കിലും പിന്നീട് വിപണി ചുരുങ്ങി. കഴിഞ്ഞ വര്‍ഷം 15,166 ബീറ്റില്‍ കാര്‍ മാത്രമാണ് യുഎസില്‍ വിറ്റഴിഞ്ഞത്.
ഇതേതുടര്‍ന്നാണ് അമേരിക്കന്‍ വിപണിയില്‍നിന്നു പിന്‍വാങ്ങാന്‍ ഫോക്സ് വാഗണ്‍ തീരുമാനിച്ചത്. ലോകത്താകമാനം 21 ലക്ഷത്തില്‍ അധികം യഥാര്‍ഥ ബീറ്റില്‍ കാറുകള്‍ വിറ്റഴിഞ്ഞിട്ടുണ്ടെന്നാണു കണക്ക്.