ആദ്യ വരവില്‍ ക്രോസ് ഓവര്‍ ശ്രേണിയില്‍ മാരുതി നടത്തിയ പരീക്ഷണമായ എസ്-ക്രോസിന്റെ ചുവട് അല്‍പ്പമൊന്ന് പിഴച്ചെങ്കിലും അടിമുടി മാറിയുള്ള രണ്ടാം വരവ് നടത്തിയിരിക്കുകയാണ് എസ്-ക്രോസ്. പുതിയ എസ്-ക്രോസ് എത്തുന്നത് സാധാരണ ഉയര്‍ന്ന മോഡലുകളില്‍ മാത്രം ഒരുക്കിയിരുന്ന സ്മാര്‍ട്ട് കീ, പുഷ് സ്റ്റാര്‍ട്ട് ബട്ടണ്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, ക്രൂയിസ് കണ്ട്രോള്, റിയര്‍ വൈപ്പര്‍, ഓട്ടോ ഫോള്‍ഡിങ് മിറര്‍ എന്നീ സംവിധാനങ്ങള്‍ മധ്യനിരയിലെ മോഡല്‍ മുതല്‍ നല്‍കിയായിരിക്കും.
ഈ സംവിധാനങ്ങള്‍ മുന്‍പ് ഉള്‍ക്കൊള്ളിച്ചിരുന്നത് എസ്-ക്രോസിന്റെ ഉയര്‍ന്ന മോഡലുകളായ സെറ്റ, ആല്‍ഫ മോഡലുകളില്‍ മാത്രമായിരുന്നു. എന്നാല്‍ ഇത് മധ്യനിരയിലെ ഡെല്‍റ്റ മോഡലുകളിലേക്ക് കൂടി വ്യാപിപ്പിക്കാനുള്ള തയാറെടുപ്പിലാണ് മാരുതി. അടുത്തിടെ റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സ്പീഡ് അലേര്‍ട്ട്, പാസഞ്ചര്‍ സീറ്റ് ബെല്‍റ്റ് അലേര്‍ട്ട് തുടങ്ങിയ സംവിധാനങ്ങള്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി എസ്-ക്രോസിന്റെ അടിസ്ഥാന മേഡലായ സിഗ്മ മുതല്‍ നല്‍കിയിരുന്നു.
വാഹനത്തിന്റെ വിലയും സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയതിനെ തുടര്‍ന്ന് അല്‍പ്പം ഉയര്‍ത്തിയിട്ടുണ്ട്. മുന്‍പ് എസ്-ക്രോസിന്റെ ഷോറൂം വില 8.61 ലക്ഷം മുതല്‍ 11.32 ലക്ഷം രൂപ വരെയായിരുന്നു. 8.85 ലക്ഷം മുതല്‍ 11.45 ലക്ഷം രൂപ വരെയാണ് പുതുക്കിയ വില.