മലപ്പുറം: ബസിൻറെ വേഗം കുറയ്ക്കാൻ ആവശ്യപ്പെട്ട ബൈക്ക് യാത്രികനെ വളഞ്ഞിട്ട് തല്ലി സ്വകാര്യ ബസ് ജീവനക്കാർ. മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്താണ് സംഭവം. എടവണ്ണ പൊന്നാംകുന്ന് സ്വദേശി കളത്തിങ്ങൽ സഞ്ജയ് ആണ് അക്രമണത്തിന് ഇരയായത്. ദേഹമാസകലം പരിക്കേറ്റ സഞ്ജയിനെ മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
സുഹൃത്തിനൊപ്പം യാത്രചെയ്യവെ ബൈക്ക് തെന്നി വീണ് അപകടം, ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു
വടപുറം ലയൺസ് ക്ലബിന് സമീപത്താണ് സംഭവം. മഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് അമിത വേഗതയിൽ പോകുന്നത് കണ്ടപ്പോൾ അതേ ദിശയിൽ ബൈക്കിൽ പോവുകയായിരുന്ന സഞ്ജയ് ഡ്രൈവറോട് വേഗം കുറക്കാൻ ആവശ്യപ്പെട്ടു. ഇതോടെ ബൈക്കിന് പിന്നാലെയെത്തിയ ബസ് കുറുകെ നിർത്തുകയും ബൈക്ക് യാത്രികനെ ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.
സ്വകാര്യ ബസ് ജീവനക്കാർ സഞ്ജയിനെ ക്രൂരമായി മർദിക്കുന്നത് കണ്ടുനിന്നവർ മൊബൈൽ ഫോണിൽ ചിത്രീകരിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും ചെയ്തു. സംഭവത്തിൽ സഞ്ജയ് നൽകിയ പരാതിയിൽ ബസ് ജീവനക്കാർക്കാരായ മൂന്നുപേർക്കെതിരെ പൊലീസ് കേസെടുത്തു. ഇവർ ഒളിവിലാണെന്നാണ് വിവരം.