തിരുവനന്തപുരം: കടയില്‍ മോഷണം നടത്താനെത്തിയ കള്ളന്റെ ഫുള്‍സൈസ് പടവും മോഷണം നടത്തുന്നതിന്റെ വീഡിയോ കാണാന്‍ ക്യൂആര്‍ കോഡും ഫ്ലെക്സ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ച് കടയുടമ. തിരുവനന്തപുരത്താണ് സംഭവം. നഗ്നനായാണ് കള്ളന് മോഷണം നടത്തിയത്.
കവടിയാര്‍ പണ്ഡിറ്റ് കോളനിയില്‍ മോഷണത്തിനെത്തിയ കള്ളനാണ് കള്‍ച്ചര്‍ ഷോപ്പിയെന്ന കരകൗശല വില്പന കേന്ദ്രത്തിലെ സിസിടിവിയില്‍ നല്ല വൃത്തിയായി പതിഞ്ഞത്. കള്ളന്റെ ചിത്രം അതേ പടി എടുത്താണ് കള്‍ചര്‍ ഷോപ്പി ഉടമകള്‍ ഫ്ലെക്സ് അടിച്ചു വച്ചത്.
ഇയാളെ കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കുന്നവര്‍ക്ക് വിളിച്ചു അറിയിക്കാനായി ഫോണ്‍ നമ്പറും കൊടുത്തിട്ടുണ്ട്. ജൂണ്‍ 21, 24, 26 തീയതികളിലായിരുന്നു സ്ഥാപനത്തില്‍ മോഷണ ശ്രമം. ഒരു ദിവസം പൂര്‍ണ നഗ്നനായും ഒരു ദിവസം അടിവസ്ത്രം മാത്രം ധരിച്ചും പരിസര നിരീക്ഷണത്തിന് എത്തിയ മോഷ്ടാവ് മൂന്നാം ദിനം അടിവസ്ത്രധാരിയായി സ്ഥാപനത്തിന്റെ ഉള്ളില്‍ കടന്ന് മോഷണശ്രമം നടത്തി.
അകത്ത് കയറിയ കള്ളന് പ്രതീക്ഷിച്ച സാധനങ്ങള്‍ ഒന്നും ലഭിച്ചില്ല. ആറന്മുള കണ്ണാടിയും നെട്ടൂര്‍ പെട്ടിയും ചെന്ന പട്ടണം കളിപ്പാട്ടങ്ങളും മാത്രമാണ് അകത്ത് കയറിയ മോഷ്ടാവ് കണ്ടത്. കെട്ടിടം മുഴുവന്‍ അരിച്ചു പെറുക്കിയെങ്കിലും മറ്റൊന്നും ലഭിച്ചില്ല.