കൊച്ചി: കൊച്ചിയില്‍ പുതിയ ഫ്ളാറ്റ് സ്വന്തമാക്കി നടന് മോഹന്‍ലാല്‍. കുണ്ടന്നൂരുള്ള ഐഡന്റിറ്റി കെട്ടിട സമുച്ചയത്തിലാണ് മോഹന്‍ലാലിന്റെ പുതിയ ഫ്ലാറ്റ് .5, 16 നിലകള്‍ ചേര്‍ത്ത് ഏകദേശം 9000 ചതുരശ്രയടിയുള്ള ഡ്യൂപ്ലക്സ് ഫ്ലാറ്റാണ് താരം സ്വന്തമാക്കിയത്.
പുതിയ ഫ്ലാറ്റിന്റെ പാലുകാച്ചല്‍ ബുധനാഴ്ചയായിരുന്നു. ക്ഷണിക്കപ്പെട്ട അന്‍പതോളം ആളുകള്‍ മാത്രമായിരുന്നു ചടങ്ങില്‍. ഫ്ലാറ്റില്‍ ആഡംബര വീടിനെ വെല്ലുന്ന സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഗസ്റ്റ് ലിവിങ് , ഡൈനിങ്, പൂജാ റൂം, പാന്‍ട്രി കിച്ചന്, വര്‍ക്കിങ് കിച്ചന് എന്നിവയാണ് താഴത്തെ നിലയില്‍.
പാചകത്തില്‍ താല്പര്യമുള്ള താരം വിപുലമായാണ് കിച്ചന് ഒരുക്കിയിട്ടുള്ളത്. ആഡംബരം നിറയുന്ന നാല് കിടപ്പുമുറികള്‍ ഫ്ലാറ്റിലുണ്ട്. ഇതുകൂടാതെ മേക്കപ്പ് റൂം, സ്റ്റാഫ് റൂമുമുണ്ട്.
എന്നാല്‍ ഏറ്റവും വലിയ ഹൈലൈറ്റ് എന്ട്രന്സില് സ്ഥാപിച്ച ഒരു ലാംബ്രട്ട സ്കൂട്ടറാണ്. ഇട്ടിമാണി സിനിമയില്‍ താരം ഉപയോഗിച്ച സ്കൂട്ടറാണിത്. രാജാവിന്റെ മകന് സിനിമയിലെ ഡയലോഗ് അനുസ്മരിപ്പിക്കുന്ന 2255 നമ്പരാണ് സ്കൂട്ടറിന്.