തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറുടെ മൂക്കിന്റെ പാലം ഇടിക്കട്ട കൊണ്ട് ഇടിച്ചു തകര്‍ത്ത സംഭവത്തില്‍ പ്രധാന പ്രതി അറസ്റ്റിലായി. കാട്ടായിക്കോണം പ്ലാവിള വീട്ടില്‍ ദീപു (33) വിനെയാണ് ശ്രീകാര്യം എസ്എച്ച്ഒ തന്‍സീം അബ്ദുല്‍ സമദ്, എസ്ഐമാരായ ജെ. വിനോദ്കുമാര്‍, എം. പ്രശാന്ത്, അനൂപ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
വികാസ് ഭവന് യൂണിറ്റിലെ കണ്ടക്ടര്‍ വര്‍ക്കല സ്വദേശി എം. സുനില്‍ കുമാര്‍ (34) നെയാണ് ദീപു മറ്റൊരു സുഹൃത്തായ ആനന്ദുമായി ചെന്ന് മര്‍ദിച്ചത്. ബൈക്കില്‍ എത്തിയ രണ്ടംഗ സംഘം കെഎസ്ആര്‍ടിസി ബസ് തടഞ്ഞു നിര്‍ത്തി ബസിനുള്ളില്‍ കയറി കണ്ടക്ടറുടെ മൂക്കിന്റെ പാലം ഇടിക്കട്ട കൊണ്ട് ഇടിച്ചു തകര്‍ക്കുകയായിരുന്നു.
കുപ്രസിദ്ധ ഗുണ്ടയും കൊലക്കേസ് ഉള്‍പ്പെടെ ഏഴു കേസിലെ പ്രതിയുമാണ് ദീപു . ഞായറാഴ്ച രാത്രിയാണ് സംഭവം. പോത്തന്‍കോട് നിന്നും ചെമ്പഴന്തി വഴി വികാസ്ഭവനിലേക്കു പോയ ബസ് ചേങ്കോട്ടുകോണത്ത് നിര്‍ത്തുമ്പോള്‍ മദ്യപിച്ച ഒരാളെ ദീപുവും കൂട്ടുകാരനും ചേര്‍ന്ന് ബസില്‍ കയറ്റി.
ബസിന്റെ ഡോര്‍ അടക്കാതെ ഇയാള്‍ പുറത്തു നിന്നവരുമായി സംസാരിച്ചു നില്ക്കുമ്പോള് കണ്ടക്ടര്‍ ഡോര്‍ അടച്ച് ബെല്ല് കൊടുത്തതാണ് സംഘത്തെ പ്രകോപിപ്പിച്ചത്. ബൈക്കുമായി ബസിനെ പിന് തുടര്‍ന്ന് ഉദയഗിരിയില്‍ വച്ച് ബസ് തടഞ്ഞു
നിര്‍ത്തി ആക്രമിക്കുകയായിരുന്നു.