കല്പറ്റ: സൗഹൃദം നടിച്ച് ലോഡ്ജ് മുറിയിലെത്തിച്ച് യുവതിയുടെ സ്വര്‍ണ്ണാഭരണങ്ങളുമായി മുങ്ങിയ കേസിലെ പ്രതി പോലീസ് പിടിയില്‍. മലപ്പുറം വേങ്ങര കണ്ണാടിപ്പടി സ്വദേശി ഉള്ളാടന്‍ അബ്ദുല്‍ ഹമീദ് (ബാവ-39) ആണ് അറസ്റ്റിലായത്. ശനിയാഴ്ച രാവിലെയാണ് ഇയാളെ കല്പറ്റ പോലീസ് പിടികൂടിയത്.
2021 ഡിസംബര്‍ 31-ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അബ്ദുല്‍ ഹമീദ് പിടിയിലായത്. മലപ്പുറം വേങ്ങര സ്വദേശിനിയെ സൗഹൃദം നടിച്ച് അബ്ദുല്‍ ഹമീദ് കല്പറ്റയിലെത്തിച്ച് ലോഡ്ജില്‍ മുറിയെടുക്കുകയും യുവതി കുളിമുറിയില്‍ കയറിയ തക്കത്തിന് യുവതിയുടെ പതിനൊന്നരപ്പവന്റെ മാലയും അരപ്പവന്റെ മോതിരവും മോഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്തെന്ന് പോലീസ് പറഞ്ഞു.
ലോഡ്ജില്‍ ഇയാള്‍ നല്‍കിയിരുന്നത് സ്വന്തം തിരിച്ചറിയല്‍ രേഖയായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. സിംകാര്‍ഡും ഇയാളുടെ പേരിലായിരുന്നില്ല. രക്ഷപ്പെട്ട അബ്ദുല്‍ ഹമീദ് തട്ടിപ്പുസമയത്ത് ഉപയോഗിച്ച ഫോണും പിന്നീട് ഉപയോഗിച്ചില്ല. തൊപ്പി ധരിച്ച് വന്നതിനാല്‍ സി.സി.ടി.വി.യിലും വ്യക്തമായ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നില്ല.
പ്രതിയെ കണ്ടെത്താനായി സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ലോഡ്ജുകളിലെല്ലാം പോലീസ് വിവരം അറിയിച്ചിരുന്നു. വെള്ളിയാഴ്ച രാത്രി ഇയാള്‍ മംഗലാപുരത്ത് ഒരു ലോഡ്ജില്‍ മുറിയെടുത്തപ്പോള്‍ സംശയം തോന്നിയ ലോഡ്ജ് അധികൃതര്‍ കല്പറ്റ പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് മംഗലാപുരം റെയില്‍വേ സ്റ്റേഷനില്‍നിന്ന് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.