ജലദോഷം പിടിപെട്ടതിന് പിന്നാലെ അബോധാവസ്ഥയിലായ യുവതിക്ക് 20 വര്‍ഷത്തെ ഓര്മ നഷ്ടമായി. യുകെയിലെ എസ്സെക്സ് സ്വദേശിയായ ക്ലേരെ മുഫറ്റ് റീസ് എന്ന യുവതിക്കാണ് ഓര്മ നഷ്ടമായത്. തലച്ചോറിലുണ്ടായ അണുബാധയാണ് ഓര്മ നഷ്ടമാക്കിയതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
യുവതിക്ക് 2021ലെ ഒരു രാത്രി ഉറങ്ങുന്നതിനു മുന്‍പ് ചില അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. സാധാരണ ജലദോഷമാണെന്നു കരുതി ക്ലേര ഉറങ്ങാന്‍ കിടന്നു. എന്നാല്‍ പിറ്റേന്നു മുതല്‍ ക്ലേരെ അബോധാവസ്ഥയിലായി. നീണ്ട 16ദിവസം കോമയിലായിരുന്നു.
എന്നാല്‍ ബോധം വന്നപ്പോള്‍ 20 വര്‍ഷത്തെ ഓര്മ ക്ലേരെയ്ക്ക് നഷ്ടമായിരുന്നു. ആ അവസ്ഥ വളരെ ഭയപ്പെടുത്തുന്നതായിരുന്നു എന്നും അവര്‍ വ്യക്തമാക്കി. തലച്ചോറിനെ ബാധിക്കുന്ന എന്‍കഫലൈറ്റസ് എന്ന അവസ്ഥയാണ് ക്ലേരെക്കുണ്ടായത്. ദീര്‍ഘകാലം നീണ്ടു നില്ക്കുന്ന അലര്‍ജിയിലൂടെയാണ് ഇങ്ങനെ ഒരു അവസ്ഥ ഉണ്ടാകുന്നത്.
‘ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളെല്ലാം ഞാന്‍ മറന്നു പോയി. രണ്ടു കുട്ടികളുണ്ടെന്ന് എനിക്കറിയാം. പക്ഷേ, അവര്‍ക്ക് എപ്പോഴാണ് ജന്മം നല്‍കിയതെന്ന് ഓര്‍ത്തെടുത്താന്‍ എനിക്ക് സാധിച്ചില്ല. അവരുടെ ജന്മദിനമോ സ്കൂളിലെ ആദ്യത്തെ ദിവസമോ ഇഷ്ടാനിഷ്ടങ്ങളോ ഓര്‍ത്തെടുക്കാന്‍ എനിക്കു സാധിച്ചില്ല. ദൈവാനുഗ്രഹത്താല്‍ ഇപ്പോള്‍ എനിക്ക് കുറെയൊക്കെ സംഭവങ്ങള്‍ ഓര്‍ക്കാന്‍ സാധിക്കുന്നുണ്ട്. സ്കോട്ടിനെ ഒരു അപരിചിതനെ പോലെയാണ് ഞാന്‍ നോക്കിയത്. അദ്ദേഹം ആ സമയം എങ്ങനെ തരണം ചെയ്തു എന്ന് അറിയില്ല.’- ക്ലേരെ പറഞ്ഞു. രണ്ട് ആണ്മക്കള്ക്കും ഭര്‍ത്താവ് സ്കോട്ടിനും ഒപ്പം എസെക്സിലാണ് ക്ലേരെ താമസിക്കുന്നത്.