കൊച്ചി: സപ്ലൈകോയുടെ ഓണ്‍ലൈന്‍ വില്പനയും ഹോം ഡെലിവറിയും സംസ്ഥാനത്തെ നഗരങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും ആരംഭിച്ചതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി അഡ്വ. ജിആര്‍ അനില്‍ അറിയിച്ചു. കൊച്ചി നഗരത്തിലെ ഓണ്‍ലൈന്‍ വില്പനയുടെയും ഹോം ഡെലിവറിയുടെയും സി എഫ്ആര്ഡി – സി എഫ് ടി കെ മൊബൈല്‍ ആപ്പിന്റെയും ഓണ്‍ലൈന്‍ ഉദ്ഘാടനം ഗാന്ധിനഗറിലെ സപ്ലൈകോ ആസ്ഥാനത്ത് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മാര്‍ച്ച് മുപ്പത്തൊന്നോടെ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഈ സൗകര്യം ലഭ്യമാകും. സപ്ലൈകോ വില്പനശാലകള് വിപുലീകരിക്കുകയും പൊതുജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ കുറഞ്ഞ നിരക്കില്‍ എത്തിക്കുകയുമാണ് പൊതുമേഖലാ സംരംഭമായ സപ്ലൈകോ ചെയ്യുന്നത്. തനതു ഉത്പാദകരെ സഹായിക്കുക എന്ന കടമ കൂടി ഈ പൊതുമേഖലാ സ്ഥാപനം നിര്‍വ്വഹിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ALSO READ- സപ്ലൈകോ ഓണ്‍ലൈന്‍ ഡെലിവെറി കൊച്ചി കോര്‍പ്പറേഷനിലും, മന്ത്രി ജിആര്‍ അനില്‍ ഉദ്ഘാടനം ചെയ്തു
പൊതുജനങ്ങളെ പരമാവധി സഹായിക്കുന്നതിനോടൊപ്പം കര്‍ഷകരെ സഹായിക്കുന്ന നടപടികളാണ് സര്‍ക്കാര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. കര്‍ഷകര്‍ക്ക് വില സമയബന്ധിതമായി നല്‍കാനും കഴിയുന്നുണ്ട്. ഓണക്കിറ്റില്‍ കേരളത്തിലെ കര്‍ഷകരുടെ ഉല്പന്നങ്ങള്ക്ക് പ്രാധാന്യം നല്‍കിയതിലൂടെ വിപണിയില്‍ മാറ്റം ഉണ്ടാക്കാനായി. കര്‍ഷകര്‍ക്ക് അതു ഗുണകരമായെന്നും അദ്ദേഹം പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വാങ്ങുന്ന ഉല്പന്നങ്ങള് വാങ്ങുന്നതിനേക്കാള്‍ വില കുറച്ചാണ് സപ്ലൈകോ ജനങ്ങള്‍ക്ക് നല്‍കുന്നത്. ഇതു മൂലം വിലക്കയറ്റ ഭീഷണിയില്‍ നിന്ന് ജനങ്ങളെ രക്ഷിക്കാനായി. ഈ രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തുടരുകയാണെന്നും പുതിയ സംരംഭങ്ങളിലൂടെ സപ്ലൈകോ കൂടുതല്‍ ജനങ്ങളിലേക്കെത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.സപ്ലൈകേരള മൊബൈല്‍ ആപ്പ് ഉപയോഗിച്ച് ഓണ്‍ലൈന്‍ ബുക്കിങ്ങ് നടത്താം.