കോയമ്പത്തൂര്‍: മദ്യപിച്ച് വാഹമോടിക്കരുതെന്ന് എത്ര നിര്‍ദേശം നല്കിയാലും അവ ചെവികൊള്ളാന്‍ പലരും തയ്യാറാകാറില്ല. അത്തരത്തില്‍ നിയമ ലംഘനം കണ്ടാല്‍ പിഴയടച്ച് വിടുകയാണ് പതിവ്. എന്നാല്‍ അവയില്‍ നിന്നും വ്യത്യസ്തമായ ഒരു ശിക്ഷയാണ് കോയമ്പത്തൂരില്‍ യുവാവിന് കിട്ടിയത്. മദ്യപിച്ച് വാഹമോടിച്ചതിന് യുവാവിനെ ചോദ്യം ചെയ്ത പോലീസിനെ പൊതപവേദിയിലിട്ട് തെറിവിളിക്കുകയായിരുന്നു. മജിസ്ട്രേറ്റിന്റെ അനന്തരവനാണ് യുവാവ്. സംഭവത്തില്‍ കേസെടുത്ത് യുവാവിനെ കോടതിയില്‍ ഹാജരാക്കി.
പിഴയും തടവു ശിക്ഷയും ഒന്നും നല്‍കാതെ മദ്യപിച്ച് പിടിച്ച സ്ഥലത്ത് ഗതാഗതം നിയന്ത്രിക്കുന്ന ജോലി പത്ത് ദിവസത്തോളം ചെയ്യാനാണ് കോടതി വിധിച്ചത്. കല്‍വീരംപാളയം വിജയനഗറില്‍ ജെ സുദര്ശന് എന്ന 28 കാരനായിരുന്നു പണി കിട്ടിയത്. സത്യമംഗലം റോഡില്‍ ബസ്റ്റാന്‍ഡിനു സമീപം വാഹനപരിശോധന നടത്തുകയായിരുന്നു പോലീസ്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ സുദര്ശന് ഈ സമയം അതുവഴി ബൈക്കിലെത്തി. സാമന്യം നല്ല മദ്യലഹരിയാലിയിരുന്ന ഇയാള്‍ പോലീസുകാരുമായി വാക്കേറ്റം നടത്തുകയും ധൈര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യാന്‍ വെല്ലുവിളിക്കുകയും തെറിവിളിക്കുകയുമായിരുന്നു.
അമ്മാവന് മജിസ്ട്രേറ്റാണെന്നു പറഞ്ഞായിരുന്നു സുദര്‍ശന്റെ ചീത്തവിളി. ഒട്ടും മടിച്ചില്ല രത്നഗിരി പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. പോലീസിന് കൃത്യനിര്‍വ്വഹണത്തില്‍ തടസ്സം സൃഷ്ടിച്ചതിനായിരുന്നു കേസ്. തുടര്‍ന്ന് ഗതാഗതം നിയന്ത്രിക്കാന്‍ പോലീസിനെ സഹായിക്കാന്‍ കോടതി ഇയാളോട് ഉത്തരവിടുകയായിരുന്നു. ഇപ്പോള്‍ രാവിലെ 8.30 മുതല്‍ വൈകിട്ട് 6 മണി വരെ ഓംനി ബസ്റ്റാന്‍ഡ് – രാധാകൃഷ്ണന് റോഡിലെ തിരക്കേറിയ ജംഗ്ഷനില്‍ ട്രാഫിക് ജോലി ചെയ്തു വരികയാണ് കക്ഷി. പോലീസുമായി വഴക്കുണ്ടാക്കിയ സ്ഥലത്തു തന്നെയാണ് ഡ്യൂട്ടിയും.