കൊച്ചി: നടന് ദിലീപിനെതിരെ വീണ്ടും തുറന്നടിച്ച് സംവിധായകന് ബാലചന്ദ്ര കുമാര്‍. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ കൊല്ലേണ്ട രീതി ദീലീപ് വിവരിക്കുന്ന ശബ്ദസന്ദേശം തന്റെ കൈയിലുണ്ടെന്ന് ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തി.
ആവശ്യമായ തെളിവുകള്‍ പൊലീസിന് കൈമാറിയെന്നും അത് വരും മണിക്കൂറില്‍ പുറത്തുവിടുമെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു. താന്‍ നവംബര്‍ 25നാണ് പരാതിനല്‍കിയത്. ഡിസംബര്‍ 25ന് ഒരുമാധ്യമം വഴി വാര്‍ത്ത പുറത്തുവരുന്നു. ഡിസംബര്‍ 27നുശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ ബന്ധപ്പെട്ടതെന്നും അതിന് മുന്‍പ് അന്വേഷണ ഉദ്യോഗസ്ഥരുമായി ഒരു തരത്തിലും ബന്ധപ്പെട്ടിരുന്നില്ലെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
താന്‍ പൊലീസിന് നല്കിയ തെളിവുകള്‍ എന്താണെന്ന കാര്യം പോലും രാമന്‍പിള്ള വക്കീല്‍ മനസിലാക്കിയിട്ടില്ല. ഞാന്‍ ഹാജരാക്കേണ്ട തെളിവുകളെല്ലാം കൃത്യസമയത്ത് ഹാജരാക്കിയിട്ടുണ്ട്. അത് അറിയാതെയാണ് ഇപ്പോള്‍ പറയുന്നതെന്നും ബാലചന്ദ്ര കുമാര്‍ പറഞ്ഞു.
എങ്ങനെ കൊല്ലണമെന്ന് ദിലീപ് പറയുന്നതിന്റെ വീഡിയോ താന്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ഒരാളെ തട്ടുമ്പോള്‍ എങ്ങനെ തട്ടണം തെളിവല്ലാതിരിക്കണമെങ്കില്‍ എന്ന് ദിലീപ് പറയുന്നതിന്റെ ശബ്ദരേഖ തന്റെ കൈവശമുണ്ട്. അത് പുറത്തുവരുമ്പോള്‍ ചിലരുടെ സംശയം മാറും. അക്കാര്യം വരും മണിക്കൂറില്‍ എല്ലാവരും അറിയുമെന്ന് ബാലചന്ദ്ര കുമാര്‍ പറഞ്ഞു.