തൃശൂര്‍: രണ്ടാം കുതിരാന്‍ തുരങ്കത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണം തുടങ്ങാന്‍ പാറ പൊട്ടിക്കുന്നതിന്റെ പരീക്ഷണ സ്ഫോടനം ഇന്ന് നടക്കും. ഉച്ചക്കഴിഞ്ഞ് രണ്ടിനാണ് പരീക്ഷണ സ്ഫോടനം. പരീക്ഷണം വിജയിച്ചാല്‍ വരും ദിവസങ്ങളിലും നിയന്ത്രിത സ്ഫോടനത്തോടെ പാറ പൊട്ടിക്കല്‍ തുടരും.
റോഡ് നിര്‍മ്മിക്കാന്‍ തുരങ്ക കവാടത്തിലെ പാറകള്‍ പൊട്ടിച്ചു നീക്കണം. ഇതിനു മുന്നോടിയായണ് പരീക്ഷണ സ്ഫോടനം ഇന്ന് നടക്കുന്നത്. രണ്ടാം തുരങ്കത്തിന്റെ അപ്രോച്ച് റോഡ് നിര്‍മാണം രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഏപ്രില്‍ മാസത്തോടെ രണ്ടാം തുരങ്കവും ഗതാഗതത്തിനായി തുറക്കും.
972 മീറ്റര്‍ ദൂരത്തിലാണ് രണ്ടാം തുരങ്കം നിര്‍മിച്ചിരിക്കുന്നത്. രണ്ടു തുരങ്കളുമായി ബന്ധപ്പെടുത്തുന്ന ക്രോസ് റോഡുകള്‍ രണ്ടിടത്തുണ്ട്. ഏതെങ്കിലും വാഹനം കുടുങ്ങിയാല്‍ ഇതുവഴി പുറത്തു കടത്താം. തൃശൂര്‍ പാലക്കാട് റൂട്ടില്‍ ഇതോടെ യാത്രാക്ലേശത്തിന് പരിഹാരമാകും.
ദേശീയപാതയില്‍ രണ്ടാം തുരങ്കം തുറക്കാന്‍ ഫയര്‍ഫോഴ്സ് വിഭാഗത്തിന്റെ അനുമതി കിട്ടി. അപകടപ്രതിരോധ സംവിധാനങ്ങള്‍ പരിശോധിച്ച ശേഷം കുറ്റമറ്റതാണെന്നാണ് ഫയര്‍ ഫോഴ്സിന്റെ റിപ്പോര്‍ട്ട്. സ്ഫോടനം നടത്തുന്ന ഉച്ചയ്ക്ക് 2 മണി മുതല്‍ സ്ഫോടനം കഴിഞ്ഞ് ഉദ്യോഗസ്ഥര്‍ സ്ഥലത്തുചെന്ന് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതുവരെ ദേശീയപാത 544 കുതിരാന്‍ ഭാഗത്ത് എല്ലാതരം വാഹനങ്ങളുടേയും ഗതാഗതം നിര്‍ത്തിവെക്കുന്നതാണ്. നിര്‍ദ്ദിഷ്ട സ്ഥലത്തേക്ക് പൊതുജനങ്ങള്‍ക്ക് യാതൊരുവിധ പ്രവേശനവും ഉണ്ടായിരിക്കുന്നതല്ല.