തിരുവനന്തപുരം: മകളെ കാണാനെത്തിയ ആണ്‍സുഹൃത്തിനെ കൊലപ്പെടുത്തിയത് കള്ളനാണെന്ന് തെറ്റിദ്ധരിച്ചാണെന്ന പിതാവിന്റെ മൊഴി തള്ളി പൊലീസ്. അനീഷ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പേട്ട ചായക്കുടി ലെയ്നിലെ സൈമണ്‍ലാല്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
പിന്നാലെ പോലീസിനെ വിൡുപറഞ്ഞ് ഇയാള്‍ കീഴടങ്ങി. കൊല്ലപ്പെട്ട അനീഷുമായി കൈയേറ്റമുണ്ടായെന്നും, വാക്കുതര്‍ക്കത്തിനൊടുവില്‍ പ്രതി സൈമണ്‍ ലാലന് കുത്തുകയായിരുന്നു എന്നുമാണ് പൊലീസിന്റെ വിലയിരുത്തല്‍. പ്രാണരക്ഷാര്‍ത്ഥം കള്ളനാണെന്ന് കരുതി കുത്തുകയായിരുന്നു എന്നാണ് സൈമണ്‍ ലാലന് പൊലീസിനോട് പറഞ്ഞത്.
ഇന്നലെ പുലര്‍ച്ചെ മൂന്നരയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടക്കുന്നത്. പേട്ട ചായക്കുടി ലെയ്നിലെ സൈമണ്‍ ലാലന്റെ വീടായ ഏദനില്‍ വെച്ച് പുലര്‍ച്ചെയാണ് അനീഷിന് കുത്തേല്‍ക്കുന്നത്. പുലര്‍ച്ചെ ഉണര്‍ന്ന സൈമണ്‍ ലാലന് മകളുടെ മുറിയില്‍ നിന്നും സംസാരം കേട്ടു.
also read: ഗാന്ധിജിക്കെതിരായ മോശം പരാമര്‍ശം, ആള് ദൈവം അറസ്റ്റില്‍
ഇതേത്തുടര്‍ന്ന് വാതിലില്‍ മുട്ടിയെങ്കിലും തുറന്നില്ല. ആരുമില്ലെന്ന് മകള്‍ മറുപടി നല്കി. എന്നാല്‍ ഇതുകൂട്ടാക്കാതെ സൈമണ്‍ വാതില്‍ ചവിട്ടിത്തുറന്ന് അകത്തു കടന്നു. ഇതോടെ അനീഷ് കുളിമുറിയിലേക്ക് ഓടി. തുടര്‍ന്ന് പ്രതി സൈമണ്‍ ലാലന് അനീഷുമായി വാക്കുതര്‍ക്കം ഉണ്ടാകുകയും കത്തിയെടുത്ത് കുത്തുകയുമായിരുന്നു.
പൊലീസ് എത്തുമ്പോള്‍ വീടിന്റെ രണ്ടാം നിലയിലെ ഹാളില്‍ ചലനമറ്റ് രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു അനീഷ്. നെഞ്ചിലാണ് ആഴത്തിലുള്ള കുത്തേറ്റത്. തറയിലും രക്തമുണ്ടായിരുന്നു. സൈമണ്‍ ലാലന്റെ കുടുംബാംഗങ്ങളും ഇവിടെയുണ്ടായിരുന്നു.
ആംബുലന്‍സ് വരുത്തിയാണ് നാലുമണിയോടെ അനീഷിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. കുത്താനുപയോഗിച്ച കത്തി പൊലീസ് വീട്ടില്‍ നിന്നും കണ്ടെടുത്തു. കൊലപാതകം നടന്ന വീടിന് 800 മീറ്റര്‍ മാത്രം അകലെയാണ് അനീഷിന്റെ വീട്. പുലര്‍ച്ചെ മൂന്നുമണിയോടെ ആരും അറിയാതെ അനീഷ് വീട്ടില്‍ നിന്നും പുറത്തിറങ്ങി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയെന്നാണ് പൊലീസിന്റെ നിഗമനം.