20 കോടിയുടെ വീട് വാങ്ങി, ബ്രോക്കര്‍ കാശ് നല്‍കാതെ ബോളിവുഡ് താരം കങ്കണ കബളിപ്പിച്ചുവെന്ന പരാതി. വിവാദങ്ങളുടെ തോഴിയാണ് നടി കങ്കണ റണാവത്ത്. മുംബൈയില്‍ ഒരു വീട് വാങ്ങിയപ്പോള്‍ കൃത്യമായി ബ്രോക്കര്‍ ഫീസ് നല്‍കിയിരുന്നില്ലെന്ന പരാതിയാണ് താരത്തിനെതിരെ ഉയരുന്നത്. കങ്കണയ്ക്കും സഹോദരി രംഗോലിക്കുമെതിരേ പ്രകാശ് ജി റോഹിറ എന്നയാളാണ് പരാതി നല്‍കിയത്.
മുംബൈയിലെ ഖര് പോലീസ് സ്റ്റേഷനിലാണ് പ്രകാശ് പരാതി നല്‍കിയിരിക്കുന്നത്. പാലി ഹില്ലില്‍ ബംഗ്ലാവ് വാങ്ങിയ താരം ബ്രോക്കര്‍ ഫീസ് മുഴുവനായി കൊടുത്തില്ലെന്നാണ് പരാതിയില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഇരുപത് കോടി രൂപ മുടക്കി താരം വീട് വാങ്ങിയത്. എന്നാല്‍ വ്യാവസായിക ചട്ടപ്രകാരം ഒരുശതമാനം ബ്രോക്കര്‍ ഫീസായ ഇരുപതു ലക്ഷം കൊടുത്തതാണെന്നും അയാള്‍ ഇപ്പോള്‍ രണ്ടുശതമാനം ആവശ്യപ്പെടുകയാണെന്നുമാണ് കങ്കണയുടെ വാദം.
ബാങ്കിലൂടെ പണം കൈമാറ്റം ചെയ്തതിന്റെ രേഖകളെല്ലാം തന്റെ കൈവശമുണ്ടെന്നും കങ്കണ പറഞ്ഞു. അതിനിടെ താന്‍ കൊടുത്ത പരാതി പിന്‍വലിക്കുന്ന പ്രശ്നമില്ലെന്നും വേണ്ട സമയത്ത് കൃത്യമായ തെളിവുകള്‍ സമര്‍പ്പിക്കുമെന്നും പരാതിക്കാരന് വ്യക്തമാക്കി. 2017 സെപ്തംബറിലാണ് കങ്കണ 20.07 കോടി മുടക്കി വീട് വാങ്ങിയത്. 3075 സ്ക്വയര്‍ ഫീറ്റുള്ള വീടിന് സ്റ്റാമ്പ് ഡ്യൂട്ടിയായി 1.03 കോടിയും താരം മുടക്കിയിരുന്നു.