മലപ്പുറം: കേരളത്തിൽ പിണറായി നടത്തുന്നത് ഹലാൽ ഭരണമാണെന്ന് മലപ്പുറത്തെ ബിജെപി മാർച്ചിൽ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി ഗോപാലകൃഷ്ണൻ പറഞ്ഞു. പാലക്കാട്, ചാവക്കാട് എന്നിവിടങ്ങളിൽ നടന്ന ആർഎസ്എസ് പ്രവർത്തകരുടെ കൊലപാതകം എൻഐഎ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് മലപ്പുറം കളക്ട്രേറ്റിനു മുൻപിൽ ബിജെപി ജില്ലാ കമ്മിറ്റി മാർച്ച് നടത്തിയത്.
കേരളത്തിൽ ഭക്ഷണത്തിൽ മാത്രമല്ല എല്ലാ മേഖലയിലും ഇപ്പോൾ ഹലാൽ ആണ്. ഇങ്ങനെ ഹലാലിനെ പ്രോത്സാഹിപ്പിക്കുന്ന ഭരണത്തിൽ പോലീസും വന്ധ്യംകരിക്കപ്പെട്ടു. അതുകൊണ്ടാണ് ബിജെപി പ്രവർത്തകരുടെ കൊലയാളികളെ കണ്ടെത്താൻ ഇത്ര നാളായിട്ടും കഴിയാത്തതെന്നും അദ്ദേഹം പറഞ്ഞു.
മതത്തിനു വേണ്ടിയല്ലാതെ രാഷ്ട്രത്തിനുവേണ്ടി വാദിക്കുന്ന ഒരേയൊരു രാഷ്ട്രീയപാർട്ടി ബിജെപിയാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഭാരതീയ ജനതാ ന്യൂനപക്ഷമോർച്ച ദേശീയ ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം പറഞ്ഞു. ജില്ലാ പ്രസിഡന്റ് രവി തേലത്ത് അധ്യക്ഷനായി.