തിരുവനന്തപുരം: കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍കടലില്‍ വീണ്ടും ന്യുനമര്‍ദ്ദം രൂപപ്പെട്ടു. തെക്കു ആന്‍ഡമാന്‍ കടലില്‍ തായ്ലന്ഡ് തീരത്തിനോട് ചേര്‍ന്ന് ഇന്ന് രാവിലെ 8.30നാണ് ന്യുനമര്‍ദ്ദം രൂപപ്പെട്ടത്. ന്യൂനമര്‍ദ്ദം പടിഞ്ഞാറ്-വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ശക്തി പ്രാപിച്ചു നവംബര്‍ 15ഓടെ വടക്കു ആന്‍ഡമാന്‍ കടലിലും തെക്കു-കിഴക്കു ബംഗാള്‍ ഉള്‍ക്കടലിലുമായി തീവ്ര ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാനാണ് സാധ്യത.
തുടര്‍ന്ന് പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ചു ശക്തിപ്രാപിച്ചു അടുത്ത 48 മണിക്കൂറിനുള്ളില്‍ ആന്ധ്രാ തീരത്തു പ്രവേശിക്കും. തെക്കുകിഴക്കന്‍ അറബിക്കടലിലും വടക്കന്‍ തമിഴ്നാടിനു മുകളിലും ചക്രവാതചുഴി നിലനില്‍ക്കുന്നതിനാല്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിച്ചിരിക്കുന്നു. ഇതിന്റെ സ്വാധീനത്താല്‍ കേരളത്തില്‍ ഇന്നും അടുത്ത രണ്ടു ദിവസവും ഒറ്റപ്പെട്ട അതി ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
തിരുവനന്തപുരം ജില്ലയില്‍ അതിതീവ്രമഴയ്ക്ക് സാധ്യത കണക്കിലെടുത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത കണക്കിലെടുത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
മലയോര മേഖലയിലും, നദിക്കരകളിലും, വിനോദസഞ്ചാര മേഖലകളിലും അതീവ ജാഗ്രത പുലര്‍ത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശം നല്കി. ഉരുള്‍പൊട്ടല്‍/മണ്ണിടിച്ചില്‍, വെള്ളപ്പൊക്ക ദുരന്ത സാധ്യത മേഖലകളില്‍ അടിയന്തരമായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജമാക്കുന്നതായിരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.