മഞ്ചേരി: പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയും സഹോദരനും ചെങ്കല്‍ ക്വാറിയില്‍ മുങ്ങിമരിച്ചു. വള്ളവമ്പ്രം മാണിപ്പറമ്പില്‍ സഹോദരങ്ങളായ രാജന്റെയും വിനോദിന്റെയും മക്കളായ അര്‍ച്ചനയും ആദിദേവുമാണ് മരിച്ചത്. സ്കൂള്‍ തുറക്കുന്നതിനു മുന്‍പ് അര്‍ച്ചന അച്ഛന്റെ വീട് സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് അപകടം.
മാണിപ്പറമ്പ് വീടിന്റെ 100 മീറ്റര്‍ അകലെയാണ് ചെങ്കല്‍ ക്വാറി. അടുത്തിടെ കുഴിരൂപപ്പെട്ട് വെള്ളം നിറഞ്ഞതോടെ ആണ് അപകടക്കെണിയായത്. രാവിലെ ഒന്‍പതര വരെ ഇരുവരും വീട്ടിലുണ്ടായിരുന്നു. വിനോദിന്റെ മറ്റൊരു സഹോദരന് സുബേഷ് പിതാവിനെയും കൊണ്ടു ആശുപത്രിയില്‍ പോയി തിരിച്ചെത്തിയപ്പോഴാണ് ഇരുവരെയും കാണാതായത് ശ്രദ്ധയില്‍പെട്ടത്.
തിരച്ചിലിനിടെ സുബേഷ് ആണ് ആദ്യം ചെരിപ്പ് കണ്ടത്. ചെരിപ്പും ഫോണും വെള്ളക്കുഴിക്കു സമീപം കണ്ടതോടെ ഒച്ച വച്ച് ആളെ കൂട്ടി. സുഹൃത്ത് ബഷീറും നാട്ടുകാരും എത്തി മുങ്ങി പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വണ്ടൂര്‍ ഗേള്‍സ് ഹൈസ്കൂള്‍ 10 എഫ് ക്ലാസിലെ വിദ്യാര്‍ഥിയായ അര്‍ച്ചന അടുത്ത ദിവസം ക്ലാസില്‍ പോകാനിരിക്കെയാണ് ദുരന്തം. ഓണ്‍ലൈന്‍ ക്ലാസില്‍ സജീവമായിരുന്നു അര്‍ച്ചന. ഇരുവരുടെയും മരണവാര്‍ത്ത നാടിനെ ഞെട്ടിച്ചിരിക്കുകയാണ്.