തൊടുപുഴ: ജലനിരപ്പുര്ന്നതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ തുറക്കുമെന്ന് തമിഴ്നാട് അറിയിച്ചിരിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ ഇടുക്കി ഉപ്പുതറ പെരിയാര്‍ തീര നിവാസികളെ ക്യാമ്പുകളിലേക്ക് മാറ്റുകയാണ്. ഇരുപതോളം ക്യാമ്പുകളാണ് സജ്ജമാക്കിയിട്ടുള്ളത്.
60 വയസ്സുകഴിഞ്ഞവര്‍, കിടപ്പുരോഗികള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവര്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. 883 കുടുംബങ്ങളെ മാറ്റാനാണ് തീരുമാനിച്ചിട്ടുള്ളത്. ജലനിരപ്പ് 138 അടിയായാല്‍ അണക്കെട്ടിലെ സ്പില്‍വേ ഷട്ടറുകള്‍ വെള്ളിയാഴ്ച രാവിലെ ഏഴു മണിക്ക് തുറക്കുമെന്നാണ് തമിഴ്നാട് അറിയിച്ചിട്ടുള്ളത്.
ഇതേത്തുടര്‍ന്ന് രാവിലെ വള്ളക്കടവ് പ്രദേശത്ത് ജില്ലാഭരണകൂടം മൈക്കിലൂടെ ജാഗ്രതാ നിര്‍ദേശം നല്കി. അതേസമയം, ഒഴുക്കി വിടുന്ന ജലത്തിന്റെ അളവ് അനുസരിച്ച് ജനങ്ങളെ മാറ്റുമെന്ന് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. അണക്കെട്ട് തുറന്നാല്‍ പെരിയാര്‍ തീരവാസികള്‍ക്ക് എല്ലാ സുരക്ഷയും ഉറപ്പാക്കും.
മുല്ലപ്പെരിയാറില്‍ ഒരു ആശങ്കയും വേണ്ട. എല്ലാ സുരക്ഷാക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ക്യാമ്പുകളും വാഹനങ്ങളും ഉദ്യോഗസ്ഥരും സജ്ജരാണ്. റവന്യൂ, പൊലീസ്, എന്‍ഡിആര്‍എഫ് സംഘങ്ങളെല്ലാം സ്ഥലത്ത് ക്യാമ്പു ചെയ്യുന്നുണ്ടെന്നും വൈകിട്ട് മുല്ലപ്പെരിയാറില്‍ ഉന്നതതല യോഗം ചേരുമെന്നും റോഷി അഗസ്റ്റിന് പറഞ്ഞു.
ഡാം തുറന്നാല്‍ സ്വീകരിക്കേണ്ട എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായെന്ന് റവന്യൂ മന്ത്രി കെ. രാജനും വ്യക്തമാക്കി. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിര ശക്തമായ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.