വയറു വേദനയുമായി ആശുപത്രിയിലെത്തിയ രോഗിയുടെ വയറ്റില്‍ കണ്ടെത്തിയത് സ്ക്രൂകളും ആണികളും. ലിത്വാനയിലെ ബാള്‍ട്ടിക്ക് പോര്‍ട്ട് സിറ്റിയിലെ, ക്ലെയ്പെഡ യൂണിവേഴ്സിറ്റി ആശുപത്രിയിലാണ് വിചിത്രമായ സംഭവം നടന്നത്. രോഗിയുടെ വയറ്റില്‍ നിന്ന് ഏകദേശം ഒരു കിലോയോളം സ്ക്രൂകളും, കത്തിയും, ആണികളും, നട്ടുകളുമാണ് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെയാണ് പുറത്തെടുത്ത്.
രോഗിയുടെ വയറ്റില്‍ നിന്നും പല തരത്തിലുള്ള ലോഹ കഷ്ണങ്ങളാണ് ഡോക്ടര്‍മാര്‍ പുറത്തെടുത്തത്. ഇവയില്‍ ചിലതിന്റെ വലിപ്പം ഏകദേശം 10 സെന്റീമീറ്റര്‍ വരെ വരും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ”മനുഷ്യ ശരീരത്തില്‍ നിന്ന് ലോഹ കഷ്ണങ്ങള്‍ കണ്ടെത്തുന്നത് ഇത് ആദ്യത്തെ സംഭവമല്ല. എന്നാല്‍ ഇത്രയധികം അളവില്‍ കണ്ടെത്തിയത് ആദ്യമായാകും”- ഡോക്ടര്‍മാര്‍ പറയുന്നു.
” ഈ ലോഹ കഷ്ണങ്ങള്‍ രോഗിയുടെ ഉദരത്തിന്റെ അകം ഭിത്തികളില്‍ ക്ഷതമേല്‍ക്കാന്‍ കാരണമായിട്ടുണ്ട്. മൂന്നു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ ഉദരത്തിനുള്ളിലെ എല്ലാ ലോഹ കഷ്ണങ്ങളും നീക്കം ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. കൂടാതെ രോഗി ഇപ്പോള്‍ സാധാരണ സ്ഥിതിയിലേക്ക് എത്തിയിട്ടുമുണ്ട്” രോഗിയെ ചികിത്സിച്ച ഡോക്ടര്‍ പ്രാദേശിക മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
അതേസമയം, ആണികളും മറ്റും വിഴുങ്ങിയതായി രോഗി വെളിപ്പെടുത്തിയിരുന്നില്ലെന്ന് ഡോക്ടര്‍ പറയുന്നു. രോഗി ആകെ പറഞ്ഞത് വയറു വേദനയാണ് എന്നു മാത്രമാണ്. എന്നാല്‍, പിന്നീട് ഇയാളില്‍ നടത്തിയ എക്സ്-റേ പരിശോധനയിലൂടെ ഇയാള്‍ ഏകദേശം 1 കിലോയോളം ഭാരം വരുന്ന ലോഹ കഷ്ണങ്ങള്‍ വിഴുങ്ങിയതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. രോഗി ഇപ്പോഴും ആശുപത്രി നിരീക്ഷണത്തില്‍ കഴിയുകയാണ്. ആശുപത്രിയില്‍ നിന്ന് ഇയാള്‍ക്ക് മാനസികാരോഗ്യപരമായ സഹായങ്ങളും നല്‍കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.