തിരുവനന്തപുരം: വിവാഹസത്കാരത്തിനിടെ വിവാഹവീട്ടില്‍ വന്‍ കവര്‍ച്ച. തിരുവനന്തപുരം ജില്ലയിലെ അവനവഞ്ചേരിയിലാണ് സംഭവം. കിളിത്തട്ടുമുക്ക് എസ്.ആര് വില്ലയിലാണ് കവര്‍ച്ച നടന്നത്. ഈ വീട്ടിലെ മിഥുെന്റയും കൊടുവഴന്നൂര്‍ സ്വദേശിനി മിജയുടെയും വിവാഹം ബുധനാഴ്ചയാണ് നടന്നത്.
വിവാഹത്തിനുശേഷം ഇവര്‍ വീട്ടിലെത്തിയിരുന്നു. വിവാഹ സല്‍ക്കാരം ആറ്റിങ്ങല്‍ പൂജ കണ്വെന്ഷന് സെന്ററില്‍ സജ്ജീകരിച്ചിരുന്നു. വീട്ടുകാരെല്ലാവരും വധൂവരന്മാര്ക്കൊപ്പം ഇവിടേക്ക് പോയി. കുടുംബാംഗങ്ങള്‍ വിവാഹസമയത്ത് ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങളില്‍ പകുതിയോളം വീട്ടിലായിരുന്നു.
വീട്ടുകാര്‍ വിവാഹസത്കാരം കഴിഞ്ഞ് രാത്രി മടങ്ങിയെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന വിവരം അറിയുന്നത്. വീടിന്റെ മുന്‍വശത്ത് വാതില്‍ പൂട്ടിയിട്ടാണ് ഇവര്‍ കണ്വെന്ഷന് സെന്ററിലേക്ക് പോയത്. തിരികെയെത്തിയപ്പോള്‍ അകത്തുനിന്ന് കുറ്റിയിട്ട നിലയിലായിരുന്നു.
വീടിന്റെ പിറകുവശത്തെ വാതില്‍ തുറന്നിട്ടനിലയിലായിരുന്നു. വിവാഹ തിരക്കുകള്‍ക്കിടയില്‍ വീട്ടിനുള്ളില്‍ കടന്നുകയറി ഒളിച്ചിരുന്ന മോഷ്ടാവാണ് കവര്‍ച്ചക്ക് പിന്നിലെന്ന് കരുതുന്നു. വിവരമറിഞ്ഞ് ആറ്റിങ്ങല്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.