ആലത്തൂര്‍: അയ കെട്ടുന്നതിനിടെ ദമ്പതികള്‍ വൈദ്യുതാഘാതമേറ്റു മരിച്ചു. പഴമ്പാലക്കോട് തോട്ടുമ്പള്ളയിലാണ് സംഭവം. പഴമ്പാലക്കോട് ഉറവുംചാല് പുളിക്കല്‍ വീട് സുരേഷ് (50), ഭാര്യ സുഭദ്ര (47) എന്നിവരാണു മരിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് അപടകം സംഭവിച്ചത്.
വസ്ത്രങ്ങള്‍ ഉണക്കാന്‍ ലോഹക്കമ്പി ഉപയോഗിച്ചു വീടിനടുത്തുള്ള മരത്തില്‍ക്കെട്ടി, മറുഭാഗം വീടിന്റെ കഴുക്കോലില്‍ കെട്ടുന്നതിനിടെ വൈദ്യുതി പ്രവഹിക്കുന്ന ഫ്യൂസ് കാരിയറില്‍ കമ്പി തട്ടിയാണു അപകടം. സുരേഷിനാണ് ആദ്യം ഷോക്കേറ്റത്. രക്ഷിക്കാനെത്തിയതായിരുന്നു സുഭദ്രയ്ക്കും ഷോക്കേല്‍ക്കുകയായിരുന്നു.
ഇവരുടെ മകന് സുജിത്താണു മുറ്റത്തു വീണു കിടക്കുന്ന മാതാപിതാക്കളെ ആദ്യം കണ്ടത്. സുജിത്തിന്റെ നിലവിളി കേട്ടെത്തിയ സുരേഷിന്റെ അമ്മ ജാനകിക്കും (78) വൈദ്യുതാഘാതമേറ്റു. നിലത്തു വീണ ഇവര്‍ക്കു പരുക്കേറ്റു. നാട്ടുകാര്‍ മൂവരെയും ആശുപത്രിയിലെത്തിച്ചു.
ജാനകിയെ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം വിട്ടു. സുജിത്തിനും നേരിയ തോതില്‍ ഷോക്കേറ്റു. മൃതദേഹങ്ങള്‍ ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. പ്രളയത്തില്‍ വീട് തകര്‍ന്നതിനെ തുടര്‍ന്ന് അടുത്തു തന്നെ ഷെഡ് നിര്‍മിച്ചാണ് ഇവര്‍ താമസിച്ചിരുന്നത്.
ഇന്നലെ രാവിലെ പഴമ്പാലക്കോട് ആശുപത്രിയില്‍ കോവിഡ് വാക്സിന് എടുത്ത് വീട്ടിലെത്തിയതിനു ശേഷമാണ് ദുരന്തമുണ്ടായത്. കെഎസ്ഇബി പാടൂര്‍ സെക്ഷന്‍ ഉദ്യോഗസ്ഥര്‍, ആലത്തൂര്‍ പൊലീസ് എന്നിവര്‍ സ്ഥലത്തെത്തി. സംഭവം നടന്ന ഉടനെ വൈദ്യുതി തൂണില്‍ നിന്നുള്ള സര്‍വീസ് വയറില്‍ വൈദ്യുതി വിച്ഛേദിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി.ഹോട്ടല്‍ ജോലിക്കാരനായ സുരേഷ് പഴമ്പാലക്കോട് തട്ടുകട നടത്തിയിരുന്നു.
സുരേഷ് സുഭദ്ര ദമ്പതികളുടെ ഏക മകനാണ് സുജിത്. തൊട്ടടുത്ത വീട്ടില്‍ കളിക്കാന്‍ പോയി തിരിച്ചെത്തിയപ്പോഴാണ് ദാരുണ രംഗത്തിന് സാക്ഷിയായത്. പഴമ്പാലക്കോട് എസ്എംഎം ഹൈസ്കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥിയായ സുജിത്തിന് ഇനി ആശ്രയം മുത്തശ്ശി മാത്രം.