തൃശൂര്‍: കൊല്ലത്തെ വിസ്മയയുടെ മരണം ഇന്നും കേരളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തുകയാണ്. സ്ത്രീധന പീഡനത്തിന്റെ പേരില്‍ മരിച്ച വിസ്മയയുടെ മരണം സമൂഹമാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചാവിഷയമായിരുന്നു. നിരവധി പേരാണ് പ്രതികരിച്ച് രംഗത്തെത്തിയത്. നടന് സുരേഷ് ഗോപി വിസ്മയയുടെ വീട് സന്ദര്‍ശിക്കാനെത്തിയിരുന്നു.
സഹായം തേടി സുരേഷ് ഗോപിയെ അവള് പല തവണ ഫോണില്‍ വിളിച്ചിരുന്നുവെന്നും കിട്ടിയില്ലെന്നുമാണ് സുരേഷ് ഗോപിയോട് വിസ്മയയുടെ അമ്മ കരഞ്ഞു പറഞ്ഞത്, തന്നോടു സംസാരിച്ചിരുന്നെങ്കില്‍ വിസ്മയ മരിക്കില്ലായിരുന്നുവെന്ന് സുരേഷ് ഗോപിയും പറഞ്ഞു.
വിസ്മയയെ സുരേഷ് ഗോപിയെ വിളിച്ചിരുന്നുവെന്ന വാര്‍ത്ത കണ്ട് ശരിക്കും ഞെട്ടിയത് എരുമപ്പെട്ടി കോട്ടപ്പുറം ചീനിക്കല്‍ മനോജ് ആണ്. കാരണം സുരേഷ് ഗോപിയുടേതാണെന്ന് തെറ്റിദ്ധരിച്ച് പലരും കോള്‍ ചെയ്യുന്നത് മനോജിന്റെ ഫോണ്‍ നമ്പറിലേക്കായിരുന്നു.
രണ്ടു മൂന്നു വര്‍ഷം മുന്‍പാണ് സുരേഷ് ഗോപി അല്ലേ എന്ന ചോദ്യവുമായി മനോജിന്റെ 8129136797 എന്ന നമ്പറിലേക്കു വിളി വന്നു തുടങ്ങുന്നത്. ആദ്യം കാര്യമാക്കിയില്ല. പിന്നെ വിളികളുടെ എണ്ണം കൂടിയപ്പോള്‍ കാര്യം തിരക്കിയപ്പോഴാണ് ഗൂഗിളില്‍ സുരേഷ് ഗോപിയുടെ നമ്പര്‍ തിരഞ്ഞാല്‍ തന്റെ നമ്പറാണു കിട്ടുന്നതെന്നു മനസ്സിലായത്.
നിരവധി കോളുകളാണ് ഫോണിലേക്ക് വരുന്നത്. സുരേഷ് ഗോപി അല്ലേ എന്ന ചോദ്യം മറുതലയ്ക്കല്‍ നിന്നു കേള്‍ക്കുന്ന ഉടനെ, നമ്പര്‍ തെറ്റാണെന്നു പറഞ്ഞു ഫോണ്‍ കട്ട് ചെയ്യുകയാണു മനോജിന്റെ പതിവ്. എന്നാല്‍ അങ്ങനെ വന്ന വിളികളില്‍ വിസ്മയയുടെ വിളിയും ഉണ്ടായിരുന്നിരിക്കാം എന്നാണ് മനോജ് ഇപ്പോള്‍ കരുതുന്നത്.
എരുമപ്പെട്ടി പൊലീസില്‍ മനോജ് നേരത്തേ പരാതി നല്‍കിയിരുന്നു. സുരേഷ് ഗോപിയെ ഒരിക്കല്‍ കണ്ട ശേഷം സഹായം ചോദിച്ച് ഈ നമ്പര്‍ സഹിതം ഒരു സന്ദേശം അയച്ചതല്ലാതെ അദ്ദേഹവുമായി മറ്റൊരു ബന്ധവുമില്ല മനോജിന്. വീടുകളുടെയും സ്ഥാപനങ്ങളുടെയും ഇന്റീരിയര്‍ ജോലികള്‍ ചെയ്യുന്ന മനോജിന് ആവശ്യക്കാരുടെ വിളി വരുന്നതിനാല്‍ ഏറെക്കാലമായുള്ള നമ്പര്‍ മാറ്റാനും കഴിയാത്ത അവസ്ഥയാണ്.