പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ നിര്‍മ്മാനം പുരോഗമിക്കുന്ന പീഡിയാട്രിക് ഐസിയുവിലേക്ക് ആവശ്യമായ കിടക്കകള്‍ നല്കി മോഹന്‍ലാല്‍. ആവശ്യമായ ആറ് ഐസിയു കിടക്കകളാണ് മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന് കൈമാറിയത്.
കൊവിഡിന്റെ മൂന്നാം തരംഗത്തെ നേരിടാനുള്ള തയാറെടുപ്പിന്റെ ഭാഗമായി ജനറല്‍ ആശുപത്രിയിലെ ബി ആന്‍ഡ് സി ബ്ലോക്കിന്റെ രണ്ടാം നിലയിലാണ് പീഡിയാട്രിക് ഐസിയു ഒരുക്കുന്നത്.
ഇവിടേക്ക് ആവശ്യമായ കിടക്കകള്‍ വാങ്ങാന്‍ പണം ഇല്ലാതിരുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ തിരഞ്ഞെടുക്കുന്ന ആശുപത്രിയില്‍ ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങാന്‍ വിശ്വശാന്തി ഫൗണ്ടേഷന് സന്നദ്ധത അറിയിച്ചത്.
മോഹന്‍ലാലിന്റെ കുടുംബവീട് പത്തനംതിട്ടയില്‍ ആയതിനാല്‍ ജനറല്‍ ആശുപത്രിയില്‍ നിര്‍മിക്കുന്ന പീഡിയാട്രിക് ഐസിയുവിലേക്ക് ആവശ്യമായ കിടക്കകള്‍ വാങ്ങി നല്‍കാമോയെന്ന് മന്ത്രി വീണാ ജോര്‍ജ് അഭ്യര്‍ഥിക്കുകയായിരുന്നു. തുടര്‍ന്ന് ഇതിന് ആവശ്യമായ പണം കൈമാറി. ഐസിയു കിടക്കകള്‍ കഴിഞ്ഞ ദിവസം എത്തി.
മന്ത്രി വീണാ ജോര്‍ജിന്റെ എംഎല്‍എ ഫണ്ടില്‍നിന്ന് 74.05 ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതിയിലെ സിവില്‍ ഇലക്ട്രിക്കല്‍ പണികള്‍ നടത്തിയത്. ഓക്സിജന്‍ പൈപ്പ് ലൈനിന്റെ പണികള്‍ നടക്കുകയാണിപ്പോള്‍. ഉദ്ഘാടനം ഉടന്‍ നടത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.