മലപ്പുറം: കാറില്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് കാറുടമയ്ക്ക് 500 രൂപ പിഴ. കാവനൂരില്‍ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാറിനാണ് തിരുവനന്തപുരം റൂറല്‍ പോലീസ് ട്രാഫിക് വിഭാഗത്തിന്റെ പിഴ. പിഴ ചുമത്തിക്കൊണ്ടുള്ള നോട്ടീസ് കണ്ടതോടെ വാഹന ഉടമയായ റമനിഷ് പൊറ്റശേരി അമ്പരന്നു.
റമനീഷിന്റെ പേരില്‍ നെടുമങ്ങാട് രജിസ്റ്റേഷനുള്ള പഴയ മോഡല്‍ ഐ20 കാറിനാണ് 500 രൂപ പിഴയിട്ടു കൊണ്ടുള്ള ചലാന്‍ നോട്ടീസ് ലഭിച്ചത്. കാറില്‍ ഹെല്‍മറ്റ് ധരിച്ചില്ല എന്ന വിചിത്രമായ കാരണം കാണിച്ചാണ് 500 രൂപ പിഴയായി അടക്കാന്‍ മൊബൈല്‍ ഫോണില്‍ സന്ദേശം എത്തിയത്.
കഴിഞ്ഞദിവസം മൊബൈലില്‍ മെസ്സേജുകള്‍ കൂടിയതിനെ തുടര്‍ന്ന് ഡിലീറ്റ് ആക്കുന്നതിനിടയിലാണ് ഇത്തരത്തില്‍ ഒരു മെസ്സേജ് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ട്രാഫിക് പോലീസില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥനോട് സംഭവവുമായി വിവരങ്ങള്‍ അന്വേഷിച്ചപ്പോഴാണ് 500 രൂപ പിഴയടക്കാന്‍ ഉണ്ടെന്ന് കണ്ടെത്തിയത്.
അതേസമയം ദിവസങ്ങളായി കാര്‍ തന്റെ കാവനൂരിലെ വീടിന്റെ മുറ്റത്തെ കിടക്കുകയാണെന്നും നിരത്തിലേക്ക് ഇറക്കിയിട്ടില്ലെന്നുമാണ് ഉടമസ്ഥനായ റമനിഷിന്റെ പ്രതികരണം. പെരിന്തല്‍മണ്ണയിലെ ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന റമനീഷ് താന്‍ ഈ ദിവസങ്ങളില്‍ ബൈക്കിലാണ് യാത്ര ചെയ്തതെന്നും വ്യക്തമാക്കുന്നു. ഈ പശ്ചാത്തലത്തില്‍ പൊലീസില്‍ പരാതി നല്കാന് ഒരുങ്ങുകയാണ് യുവാവ്.