കൊച്ചി: മലയാളികള്‍ക്ക് ഇന്ന് പരിചിതരാണ് നികേഷും സോനുവും. കേരളത്തിലെ ആദ്യത്തെ സ്വവര്‍ഗ ദമ്പതികളായ നികേഷിന്റെയും സോനുവിന്റെയും ഒന്നിച്ചുള്ള ജീവിതത്തിന് ഇന്നേക്ക് മൂന്ന് വര്‍ഷം തികയുകയാണ്. ഇതിന്റെ സന്തോഷം പങ്കുവെക്കുകയാണ് ഇരുവരും.
തങ്ങളെ കളിയാക്കിയവരുടെ മുന്പില് തല ഉയര്‍ത്തിപ്പിടിച്ചു തന്നെ ജീവിച്ചുവെന്ന് മൂന്നാം വിവാഹ വാര്‍ഷികത്തില്‍ ദമ്പതികളായ സോനുവും നികേഷും വ്യക്തമാക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് ഇരുവരും തങ്ങളുടെ സന്തോഷം പങ്കുവെച്ചത്.
നിങ്ങള്‍ക്കിടയില്‍ നിങ്ങളില്‍ ഒരാളായി ഇനിയും ഇവിടെ തന്നെ ജീവക്കുമെന്ന് വിവാഹ വാര്‍ഷികത്തിന്റെ സന്തോഷം പങ്കുവെച്ച കുറിപ്പില്‍ നികേഷ് വ്യക്തമാക്കുന്നു. 2018ലാണ് ഇവര്‍ വിവാഹിതരായത്. സുപ്രീം കോടതി സെക്ഷന്‍ 377-ല്‍ ഭേദഗതി വരുത്തി സ്വവര്‍ഗാനുരാഗം കുറ്റകരമല്ലെന്ന വിധി പുറപ്പെടുവിച്ചതിന് ശേഷം 2019 ജൂണ്‍ 30നായിരുന്നു നികേഷും സോനുവും തങ്ങളുടെ വിവാഹം വെളിപ്പെടുത്തിയത്.
‘വിവാഹം കഴിച്ച് ഒന്നിച്ചു ജീവിക്കാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് 3 വര്‍ഷം തികഞ്ഞിരിക്കുന്നു. ഞങ്ങളെ കളിയാക്കിയവരുടെ മുന്പില് തല ഉയര്‍ത്തിപ്പിടിച്ചു തന്നെ ഞങ്ങള്‍ ജീവിച്ചു, ഇനിയും ജീവിക്കും ഇവിടെ തന്നെ, നിങ്ങള്‍ക്കിടയില്‍, നിങ്ങളില്‍ ഒരാളായി. ഈ ലോകം ഞങ്ങളുടേത് കൂടിയാണ് എന്നുറക്കെ പറഞ്ഞുകൊണ്ട്,’ നികേഷ് ഫേസ്ബുക്കില്‍ കുറിച്ചു.