കോഴിക്കോട്: കൊല്ലത്ത് സ്ത്രീധന പീഡനത്തെ തുടര്‍ന്ന് 24കാരി വിസ്മയ തൂങ്ങിമരിച്ച സംഭവത്തിന് പിന്നാലെ സ്ത്രീധനവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയ നിറയെ. സിനിമ താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേര് സ്ത്രീധനം കൊടുക്കുന്നതിനും വാങ്ങുന്നതിനുമെതിരെ രംഗത്തെത്തി.
ഇപ്പോഴിതാ ഫേസ്ബുക്ക് കുറിപ്പിലൂടെ നടന് ഹരീഷ് പേരടി തന്റെ വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ്. ബിന്ദു കൂടെ ഇറങ്ങിവരുമ്പോള്‍ തന്റെ കൈയില്‍ ആകെ 100 രൂപ മാത്രമേയുണ്ടായിരുന്നുള്ളുവെന്നും, തളര്‍ന്നുപോകുന്ന സമയങ്ങളിലെല്ലാം കൂടെ നിന്ന ഈ സ്ത്രീയാണ് തന്റെ ധനമെന്നും ഹരീഷ് പേരടി കുറിപ്പില്‍ പറയുന്നു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
1993 ഡിസംബര്‍ 3 ന് രാവിലെ ബിന്ദു എന്റെ കൂടെ ഇറങ്ങി വരുമ്പോള്‍ എന്റെ കൈയ്യില്‍ വിവാഹ എഗ്രിമെന്റ് എഴുതാന്‍ കടം വാങ്ങിയ 100 രൂപ മാത്രമെ ഉണ്ടായിരുന്നുള്ളു…പിന്നീട് കുട്ടികളെ നൃത്തം പഠിപ്പിച്ച് അവളും നാടകം കളിച്ച് ഞാനും..തളര്‍ന്നു പോകുന്ന എല്ലാ ജീവിതാവസ്ഥകളിലും ഞാനുണ്ടെടാ കൂടെ എന്ന പറഞ്ഞ് കട്ടക്ക് കൂടെ നിന്ന ഈ സ്ത്രീയായിരുന്നു എന്റെ ധനം…
ജീവിക്കാന്‍ ധൈര്യമാണ് വേണ്ടത്…അതുണ്ടെങ്കില്‍ ജീവിതം തന്നെ പിന്നാലെ വരും…ഇന്നലെ ഞങ്ങളുടെ ‘കലാനിധി’ വീടിന്റെ പാലുകാച്ചല്‍ കഴിഞ്ഞിട്ട് രണ്ടു വര്‍ഷം തികയുന്ന ദിവസമായിരുന്നു…എന്നോട് അഭിപ്രായ വിത്യാസമുണ്ടാവുമെങ്കിലും നിങ്ങളെന്നെ ജാതി,മത,രാഷ്ട്രിയ വിത്യാസമില്ലാതെ അനുഗ്രഹിക്കും എന്നെനിക്കുറപ്പുണ്ട്…