ഇടുക്കി: ഒരുപാട് മോഹങ്ങളുമായാണ് വിഷ്ണു പ്രവാസലോകത്തേക്ക് ചേക്കേറിയത്. കുടുംബത്തിന്റെ നെടുംതൂണായിരുന്നു അവന്. ഇത്തവണ നാട്ടിലേക്ക് വരുമ്പോള്‍ സ്വന്തമായൊരു വീട് പണിയണം എന്ന് വിഷ്ണു വീട്ടുകാരോട് പറഞ്ഞിരുന്നു. എന്നാല്‍ വിഷ്ണുവിന്റെ വരവ് കാത്തിരുന്ന ഉറ്റവരെ തേടിയെത്തിയത് മകന്റെ മരണവാര്‍ത്തയായിരുന്നു.
നെടുങ്കണ്ടം കൂട്ടാര്‍ സേദേശി വിഷ്ണു കഴിഞ്ഞ ദിവസമാണ് ആഫ്രിക്കന്‍ സ്വദേശികളുടെ ആക്രമണത്തില്‍ കൊല്ലപെട്ടത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വിഷ്ണു ഗള്‍ഫിലേയ്ക്ക് ജോലി തേടി പോയത്. കുടുംബത്തിന്റെ മുഴുവന്‍ സ്വപ്നങ്ങളും പേറിയായിരുന്നു ആ യാത്ര.
ഷാര്‍ജ അബു ഷാഗരയില്‍ ബാര്‍ബറായി ജോലി ചെയ്യുന്ന വിഷ്ണു ആഫ്രിക്കന്‍ സ്വദേശികള്‍ തമ്മിലുള്ള സംഘര്‍ഷത്തിനിടെ മരിച്ചു എന്ന അറിയിപ്പു മാത്രമാണ് കുടുംബത്തിന് ലഭിച്ച വിവരം. പ്രതികള്‍ എന്ന് സംശയിക്കുന്നവരെ ഷാര്‍ജാ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ വിഷ്ണു പോയതോടെ മങ്ങിയത് ഒരു കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു. മകന്റെ മരണവാര്‍ത്ത കേട്ട ഞെട്ടലില്‍ നിന്ന് ഇതുവരെയും മുക്തയായിട്ടില്ല അമ്മ. അസുഖബാധിതനായ പിതാവ് വിജയന് കാഠിനമായ ജോലികള്‍ ചെയ്യാനാവില്ല.
തേക്കേകൂട്ടാറില് പുഴയോട് ചേര്‍ന്നുള്ള 25 സെന്റ് സ്ഥലവും പണിതീരാത്ത വീടും മാത്രമാണ് കുടുംബത്തിന്റെ ഏക സമ്പാദ്യം.നിലവില്‍ ഒരു മുറിയും അടുക്കളയും മാത്രമുള്ള ചെറിയ വീട്ടിലാണ് വിഷ്ണുവിന്റെ മാതാപിതാക്കളും സഹോദരങ്ങളും കഴിയുന്നത്.
നിലവിലെ വീടിന്റെ മുന്‍ ഭാഗത്ത് ചേര്‍ന്ന് തറ ഒരുക്കിയിട്ടുണ്ട്. ഇവിടെ മുറികള്‍ നിര്‍മ്മിയ്ക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. ഒപ്പം വിവാഹ ആലോചനകള്‍ നടത്തണമെന്ന് മാതാപിതാക്കളും പറഞ്ഞിരുന്നു. വിഷ്ണുവിന്റെ മൃതദേഹം ഉടന്‍ നാട്ടില്‍ എത്തിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപടെലുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ ആ# കുടുംബം.