ഹൈദരാബാദ്: ഇന്ധന വിലവര്‍ധന ദിനംപ്രതി കുതിച്ചുയരുകയാണ്. വിലവര്‍ധനവില്‍ പ്രതിഷേധിച്ച് തികച്ചും വ്യത്യസ്തമായ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുകയാണ് യൂത്ത്കോണ്‍ഗ്രസ്. ബൈക്ക് തടാകത്തില്‍ എറിഞ്ഞുകൊണ്ടായിരുന്നു യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം.
തെലങ്കാനയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ബൈക്ക് ഹുസൈന് സാഗര്‍ തടാകത്തില്‍ എറിഞ്ഞത്. രാജ്യത്ത് പെട്രോളിയം, എല്‍.പി.ജി വില കുറക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ എന്‍. ഉത്തംകുമാര്‍ റെഡ്ഡി, വര്‍കിങ് പ്രസിഡന്റുമാരായ എ. രേവന്ദ് റെഡ്ഡി, പൂനം പ്രഭാകര്‍, കോമടിറെഡ്ഡി വെങ്കട്ട് റെഡ്ഡി എം.പി, സി.എല്‍.പി നേതാവ് ഭട്ടി വിക്രമര്‍ക, ടി. ജയപ്രകാശ് റെഡ്ഡി എം.എല്‍.എ, എ.ഐ.സി.സി വക്താവ് ഡസോജു ശ്രാവണ്‍ എന്നിവര്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രതിഷേധങ്ങളില്‍ പങ്കാളികളായി.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില 100 കടന്നതോടെ കോണ്‍ഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികള്‍ക്ക് തുടക്കമിട്ടിരുന്നു. അതേസമയം ശനിയാഴ്ചയും രാജ്യത്ത് ഇന്ധനവില വര്‍ധിച്ചിരുന്നു. പെട്രോളിന് 27 പൈസയും ഡീസലിന് 24പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 96.56 രൂപയും ഡീസലിന് 91.98 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 98.16 രൂപയും ഡീസലിന് 93.48 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന് 96.22 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 92.66രൂപയും. ജൂണ്‍ മാസത്തില്‍ മാത്രം ഏഴുതവണയാണ് നിലവില്‍ ഇന്ധനവില വര്‍ധിപ്പിച്ചത്.
ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 95.85രൂപയും ഡീസലിന് 86.75 രൂപയുമായി. ആഗോള വിപണയില്‍ അസംസ്കൃത എണ്ണവില ഉയര്‍ന്നതാണ് വില വര്‍ധനക്ക് കാരണമെന്ന് എണ്ണക്കമ്പനികള്‍ പറയുന്നു.
മേയ് 29ന് മുബൈയില്‍ പെട്രോള്‍ വില നൂറുതൊട്ടിരുന്നു. നിലവില്‍ പെട്രോള്‍ വില മുംബൈയില്‍ 102.4 രൂപയായി. രാജ്യത്തെ ഒരു സംസ്ഥാനവും ഇതുവരെ രേഖപ്പെടുത്താത്ത പെട്രോള്‍ നിരക്കാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്. എല്ലാ സംസ്ഥാനങ്ങളിലും ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് പെട്രോള്‍ ഡീസല്‍ വില്‍പ്പന.