ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് കോണ്‍ഗ്രസ് എം.പി. രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയും പി.എം. കെയേഴ്സ് ഫണ്ട് ഉപയോഗിച്ച് വാങ്ങിച്ച വെന്റിലേറ്ററും ഒരുപോലെയാണെന്നാണ് രാഹുലിന്റെ വിമര്‍ശനം. ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ ഗാന്ധി വിമര്‍ശനം ഉന്നയിച്ചത്.
‘പ്രധാനമന്ത്രിക്കും പി.എം. കെയേഴ്സ് വെന്റിലേറ്ററുകള്‍ക്കും തമ്മില്‍ നിരവധി സാമ്യതകള്‍ ഉണ്ട്. രണ്ടിനും ആകെയുള്ളത് നല്ല പി.ആര് വേലകള്‍ മാത്രമാണ്. സ്വന്തം കടമകള്‍ നിര്‍വഹിക്കുന്നതില്‍ രണ്ടും തികഞ്ഞ പരാജയം, അവശ്യസമയത്ത് രണ്ടും കണ്ടെത്തുക പ്രയാസം.’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
There’s a lot common between PMCares ventilator and the PM himself:
– too much false PR
– don’t do their respective jobs
– nowhere in sight when needed!— Rahul Gandhi (@RahulGandhi) May 17, 2021
പഞ്ചാബിലെ ഫരീദ്കോട്ടിലുള്ള ആശുപത്രിയിലേക്ക് കോവിഡ് രോഗികള്‍ക്കായി പി.എം കെയര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ വെന്റിലേറ്റര്‍ തകരാര്‍ മൂലം ഉപയോഗിക്കാതെ കിടക്കുന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡും അഗ്വയും വിതരണം ചെയ്ത വെന്റിലേറ്ററുകളെ പറ്റിയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. എന്നാല്‍, ഈ ആരോപണത്തെ തള്ളി കേന്ദ്രം രംഗത്തെത്തി. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവാണ് വെന്റിലേറ്ററുകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കാത്തതിന് പിന്നിലെന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം.