തിരുവനന്തപുരം: ലോക്ഡൗണില്‍ തെരുവുനായ്ക്കള്‍ക്ക് അന്നം നല്കി യുവതി. കുരുതംകോട് കൈലാസത്തില്‍ ശ്രീദേവിയാണ് കാട്ടാക്കട, പൂവച്ചല്‍ പഞ്ചായത്തുകളിലെ തെരുവുനായ്ക്കള്‍ക്കെല്ലാം ആശ്വാസമാവുന്നത്. കഴിഞ്ഞ ലോക്ഡൗണ്‍ കാലത്തും തെരുവുനായ്കള്‍ക്ക് ശ്രീദേവി ഭക്ഷണം എത്തിച്ചിരുന്നു.
തിങ്കളാഴ്ച തെങ്ങു കയറി കിട്ടിയ കൂലിക്ക് അരിയും അത്യാവശ്യം പലവ്യഞ്ജനങ്ങളും വാങ്ങി. നാലുമണിയോടെ ഭക്ഷണം തയാറാക്കി തന്റെ ഇരുചക്ര വാഹനത്തില്‍ കാട്ടാക്കട, പൂവച്ചല്‍ പഞ്ചായത്തിലെ അങ്ങോളം ഇങ്ങോളമുള്ള പ്രദേശങ്ങളില്‍ സഞ്ചരിച്ച് തെരുവ് നായ്ക്കള്‍ക്ക് അന്നം നല്കി.
കാട്ടാക്കട ബസ് സ്റ്റാന്റ്, ജങ്ങ്ഷന്, ചന്ത റോഡ്, പൂവച്ചല്‍ തുടങ്ങി ആറര മണിവരെ തെരുവുനായ്ക്കളുടെ വിശപ്പകറ്റാന്‍ ഓടി. ഇതിനിടെ നായ്ക്കുട്ടികളുമായി അവശനിലയില്‍ കിടന്ന നായക്ക് ഭക്ഷണം നല്കാന് കഴിഞ്ഞതാണ് ഇന്ന് ഏറെ പുണ്യം എന്ന് ശ്രീദേവി പറഞ്ഞു.
കഴിഞ്ഞ ലോക്ഡൗണ്‍ കാലത്ത് കാട്ടാക്കട, പൂവച്ചല്‍ പഞ്ചായത്തു കൂടാതെ അന്ന് കള്ളിക്കാട്, കുറ്റിച്ചല്‍, വെള്ളനാട്, നെടുമങ്ങാട്, വെഞ്ഞാറമൂട്, പാലോട് .വിതുര ഉള്‍പ്പടെ പ്രദേശങ്ങളില്‍ തെരുവുനായ്ക്കള്‍ക്കു ഭക്ഷണം എത്തിച്ചിരുന്നു. കിടപ്പ് രോഗിയായ ശ്രീദേവി പ്രാര്‍ത്ഥനയും മനോധൈര്യം കൊണ്ടാണ് ജീവിതത്തിലേക്ക് തിരികെ കയറിയത്.
തെങ്ങു കയറ്റം, പാമ്പുപിടിത്തം, പട്ടിപിടിത്തം, മീന്വളര്ത്താല്, പന്നി വളര്‍ത്തല്‍, ഓട്ടോ, തയ്യല്‍, തുടങ്ങി ഇരുപത്തി അഞ്ചിലധികം തൊഴിലുകള്‍ ശ്രീദേവി സ്വായത്തമാക്കുകയും ചെയ്തിട്ടുണ്ട്. പാമ്പുപിടിത്തക്കാരായ പ്രഭാത് സജി, ആര്യങ്കോട് സുരേഷ്, സകീര്‍ ഹുസൈന് എന്നിവരാണ് ശ്രീദേവിക്ക് പാമ്പുപിടിത്തത്തിലെ ഗുരുക്കന്മാര്.
മുയല്, പന്നി, കോഴി, പശു, മത്സ്യം വളര്‍ത്തല്‍ എല്ലാം ആകെയുള്ള അഞ്ചു സെന്റ് പുരയിടത്തില്‍ ശ്രീദേവി ചെയുന്നുണ്ട്. കഴിയുന്ന സഹായം ജീവജാലങ്ങള്‍ക്ക് ചെയ്യണമെന്നാണ് ആഗ്രഹമെന്ന് ശ്രീദേവി പറഞ്ഞു.