ശ്രീകാകുളം: രാജ്യത്ത് കോവിഡ് പടര്‍ന്നുപിടിച്ച് ജീവനുകള്‍ കവര്‍ന്നെടുത്തുകൊണ്ടിരിക്കുകയാണ്. രോഗികളെ കൊണ്ട് ആശുപത്രികള്‍ നിറഞ്ഞു. മൃതദേഹങ്ങള്‍ സംസ്കരിക്കാന്‍ ഇടമില്ലാതെയായി. അത്തരത്തില്‍ കോവിഡ് രാജ്യത്ത് വെല്ലുവിളി സൃഷ്ടിച്ചിരിക്കെ കൊവിഡ് രോഗിയുടെ മൃതദേഹം ശ്മശാനത്തിലെത്തിച്ചത് ബൈക്കില്‍ കയറ്റി.
ആന്ധ്രാപ്രദേശിലെ ശ്രീകാകുളത്താണ് സംഭവം. അമ്മയുടെ മൃതദേഹം ബൈക്കില്‍ കയറ്റി ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്ന മക്കളുടെ നൊമ്പരപ്പെടുത്തുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ആശുപത്രിയിലെത്തിക്കവെ കൊവിഡ് മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് 50 കാരി മരിക്കുന്നത്.
ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് മകനും മരുമകനും ചേര്‍ന്ന് തങ്ങളുടെ അമ്മയുടെ മൃതദേഹം ബൈക്കില്‍ കയറ്റി ശ്മശാനത്തിലേക്ക് കൊണ്ടുപോയത്. ഇതിന്റെ ദൃശ്യങ്ങള്‍ നിമിഷ നേരം കൊണ്ടാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.
കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതോടെയാണ് 50 കാരിയായ മന്ദാസ മണ്ഡാല്‍ സ്വദേശി പരിശോധന നടത്തിയത്. എന്നാല്‍ പരിശോധനാ ഫലം പുറത്തു വരുന്നതിന് മുമ്പ് തന്നെ അവര്‍ക്ക് രോഗം മൂര്‍ച്ഛിക്കുകയും ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം മരണം സ്ഥിരീകരിക്കുകയും ആയിരുന്നു.
മൃതദേഹം ശ്മശാനത്തിലെത്തിക്കാന്‍ ആശുപത്രിയില്‍ നിന്നും ആംബുലന്‍സ് ലഭിക്കാതിരുന്നതിനെതിരെ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.