കാസര്‍കോട്: നാടിനെ നടുക്കിയ മംഗളൂരു ബോട്ടപകടത്തിന് കാരണം മീന്‍പിടുത്ത ബോട്ട് കപ്പല്‍ ചാലിലേക്ക് നിയന്ത്രണം വിട്ട് കയറിപ്പോയതുകൊണ്ടെന്ന് കോസ്റ്റല്‍ പൊലീസ്. അപകടത്തില്‍ കാണാതായ ഒമ്പത് പേര്‍ക്കായി ഇന്നും തെരച്ചില്‍ തുടരും.
ബോട്ടിലെ സ്രാങ്ക് ഉറങ്ങിപ്പോയതായി സംശയം. കപ്പലിന് പുറകില്‍ ബോട്ട് അങ്ങോട്ട് പോയി ഇടിക്കുകയായിരുന്നു. രക്ഷപ്പെട്ടവരുടെ മൊഴി പ്രകാരമാണ് നിഗമനമെന്ന് കോസ്റ്റല്‍ പൊലീസ് അറിയിച്ചു. ഇന്നലെ പുലര്‍ച്ചെ 2.30ന് മംഗലപുരത്ത് നിന്ന് 60 നോട്ടിക്കല്‍ മൈല്‍ അകലെയായിരുന്നു ബോട്ടപകടം.
ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ട് മംഗലപുരം പുറംകടലില്‍ വിദേശ കപ്പലിലിടിച്ച് തകര്‍ന്ന് മൂന്ന് പേരാണ് മരിച്ചത്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട രണ്ട് പേരെ മംഗളൂരു വെന്‍ലോക്ക് ആശുപത്രിയിലേക്ക് മാറ്റി. കോസ്റ്റ്ഗാര്‍ഡിന്റെ കപ്പലിലാണ് രക്ഷപ്പെട്ടവരെയും മരിച്ച മൂന്ന് പേരുടെ മൃതദേഹങ്ങളും മംഗലാപുരത്താണ് എത്തിച്ചത്.
അപകടത്തില്‍പ്പെട്ടവരില്‍ ഏഴ് പേര് തമിഴ്നാട്ടുകാരും മറ്റുളളവര്‍ ബംഗാള്‍, ഒഡീഷ സ്വദേശുകളുമാണ്. മരിച്ചവരില്‍ രണ്ട് പേര് തമിഴ്നാട് സ്വദേശികളും ഒരാള്‍ പശ്ചിമ ബംഗാള്‍ സ്വദേശിയുമാണ്.ഞായറാഴ്ച രാത്രി ബേപ്പൂരില്‍ നിന്ന് മല്‍സ്യബന്ധനത്തിനായി മംഗലാപുരം തീരത്തേക്ക് പോയ ഐഎഫ്ബി റബ്ബ എന്ന ബോട്ടാണ് വിദേശ കപ്പലുമായി കൂട്ടിയിടിച്ച് തകര്‍ന്നത്.