തിരുവനന്തപുരം: പെണ്‍വാണിഭ സംഘവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് കരമനയില്‍ യുവാവ് കൊല്ലപ്പെട്ടതെന്ന് പൊലീസ്. ശനിയാഴ്ച രാത്രിയാണ് കരമന സ്വദേശി വൈശാഖ് കൊല്ലപ്പെട്ടത്. രാവിലെ അപാര്‍ട്ട്മെന്റിലെ മുറിയില്‍ നെഞ്ചില്‍ കുത്തേറ്റ നിലയിലാണ് വൈശാഖിനെ കണ്ടെത്തിയത്.
സംഭവത്തില്‍ വെഞ്ഞാറമൂട് സ്വദേശിനി ഷീബ ഉള്‍പ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നവീന്‍ സുരേഷ്, ശിവപ്രസാദ്, സുജിത്ത് ഷീബ, കവിത എന്നിവരാണ് അറസ്റ്റിലായത്. ഒരു മാസമായി കരമന തളിയിലിന് സമീപത്തെ അപ്പാര്‍ട്ട്മെന്റില്‍ രണ്ടു മുറികള്‍ വാടകയ്ക്കെടുത്താണ് പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചിരുന്നത്. ഷീബയാണ് ഇതിന് പിന്നിലെന്നും പൊലീസ് പറഞ്ഞു.
ശനിയാഴ്ച രാത്രിയാണു സംഭവം നടന്നതെന്നു പൊലീസ് പറയുന്നു . പെണ്‍വാണിഭം നടക്കുന്നതായി ആരോപിച്ചു അപ്പാര്‍ട്മെന്റില്‍ എത്തി ബഹളം വച്ച വൈശാഖിനെ പ്രതികള്‍ സംഘം ചേര്‍ന്നു ആക്രമിക്കുകയായിരുന്നു. നെഞ്ചിലും വയറ്റിലും സ്ക്രൂ ഡ്രൈവര്‍ പോലുള്ള ആയുധം കൊണ്ടു ക്രൂരമായി കുത്തി മുറിവേല്പിച്ച ശേഷം ബാല്‍ക്കണിയിലേക്കു തള്ളിയിടുകയായിരുന്നെന്നു പൊലീസ് അറിയിച്ചു.
ഒരു മാസമായി കരമന തളിയിലിന് സമീപത്തെ അപ്പാര്‍ട്ട്മെന്റില്‍ രണ്ടു മുറികള്‍ വാടകയ്ക്കെടുത്താണ് പെണ്‍വാണിഭ സംഘം പ്രവര്‍ത്തിച്ചിരുന്നത്. ബെംഗളൂരു സ്വദേശിനിയായ കവിതയെ കഴിഞ്ഞ ദിവസമാണ് ഇവിടേക്ക് എത്തിച്ചത്. പൊലീസ് പിടിയിലായ വെഞ്ഞാറമൂട് സ്വദേശിനി ഷീബയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
ക്രൂരമായ കൊലപാതകമാണ് നടന്നതെന്നും പൊലീസ് അറിയിച്ചു. യുവാവിന്റെ ജനനേന്ദ്രിയത്തില്‍ ഉള്‍പ്പെടെ ഇരുപതിലധികം ഇടങ്ങളില്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കുത്തിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള മണക്കാട് സ്വദേശി നവീന്‍ സുരേഷാണ് കൊലപാതകം നടത്തിയതെന്നാണ് ഷീബയുടെ മൊഴി. എന്നാല്‍ ഷീബയുടെ ഒപ്പമുണ്ടായിരുന്ന നാലു പേരാണ് കൊലപാതകം നടത്തിയതെന്നാണ് നവീന്‍ സുരേഷ് പറയുന്നത്.