പുത്തൂര്‍: അപകടത്തില്‍ മരിച്ച സൈനികന് അഭിലാഷിന് നാട് യാത്രാമൊഴി നല്കി. ലഡാക്കില്‍ കൃത്യനിര്‍വഹണത്തിനിടെ പട്ടാള ട്രക്ക് മറിഞ്ഞു മരിച്ച മലയാളി സൈനികന് മാവടി തെങ്ങുവിള ജംക്ഷനു സമീപം അഭിലാഷ് ഭവനില്‍ എസ്.അഭിലാഷ് കുമാറിന് (34) ജന്മനാട് യാത്രാമൊഴി നല്കി.
ഇന്നലെ രാവിലെ ഒന്‍പതോടെ തിരുവനന്തപുരത്തു നിന്ന് കൊട്ടാരക്കരയില്‍ എത്തിച്ച മൃതദേഹം അവിടെ നിന്ന് വിലാപയാത്രയായിട്ടാണ് മാവടിയിലെ വസതിയിലെത്തിച്ചത്. പത്തരയോടെ വിലാപയാത്ര കുടുംബ വീട്ടിലെത്തി. നോവാവുന്നത് അഭിലാഷിന്റെ അഞ്ചുവയസുകാരന് മകന് അഭിവേദും പണി തീരാത്ത പുതിയ വീടുമായിരുന്നു.
നാട് ഒന്നാകെ അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു. ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ സംസ്ഥാന സര്‍ക്കാരിനു വേണ്ടി പുഷ്പചക്രം സമര്‍പ്പിച്ചു. ഉച്ചയ്ക്ക് 2ന് മൃതദേഹം സംസ്കാരത്തിനായി എടുത്തു. കരസേന മേധാവിക്കു വേണ്ടി ലഫ്.കേണല്‍ റിസ്വാന് ഖാന് പുഷ്പചക്രം സമര്‍പ്പിച്ചു. അഭിലാഷിന്റെ യൂണിഫോമും മെഡലുകളും ദേശീയ പതാകയ്ക്ക് ഒപ്പം ഭാര്യ ആര്.രഞ്ജിനിക്കു കൈമാറി.
പോലീസിന്റെ ഔദ്യോഗിക ബഹുമതികള്‍ക്കു ശേഷം സൈന്യം ആകാശത്തേക്ക് 3 തവണ നിറയൊഴിച്ച് പൂര്‍ണ ഔദ്യോഗിക ബഹുമതികള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് അഭിവേദ് ചിതയ്ക്കു തീകൊളുത്തുകയും ചെയ്തു. ഞായര്‍ രാവിലെ 8.45ന് ലഡാക്കിലായിരുന്നു അഭിലാഷും ഹരിയാന സ്വദേശിയായ മറ്റൊരു സൈനികനും മരിച്ച ട്രക്ക് അപകടം നടന്നത്. സൈന്യത്തിന്റെ വാഹന വ്യൂഹത്തിനൊപ്പം മല കയറുകയായിരുന്ന റിക്കവറി ട്രക്ക് ആഴത്തിലേക്കു മറിയുകയായിരുന്നു.