ലഖ്നൗ: 2019ലെ ലോക്സഭ തെരഞ്ഞെടുപ്പ് നേരിടാനുള്ള ശക്തമായ മുന്നൊരുക്കത്തില്‍ ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍. സര്‍ക്കാരിന്റെ പദ്ധതികള്‍ ജനങ്ങളില്‍ എത്തിക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രതിമാസം 30000 രൂപ ശമ്പളത്തില്‍ യുപിയില്‍ ആളുകളെ നിയമിക്കുകയാണ്.
ഇന്നലെ ചേര്‍ന്ന ക്യാബിനറ്റ് യോഗത്തിലാണ് ‘ലോക് കല്യാണ്‍’ എന്ന പോസ്റ്റിലേക്ക് ഉദ്യോഗസ്ഥരെ നിയമിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. എഴുത്തു പരീക്ഷ നടത്തി 822 ജോലിക്കാരെയാണ് നിയമിക്കുക. സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും ‘നല്ലരീതി’യില്‍ ജനങ്ങളില്‍ എത്തിക്കുക എന്നതാണ് ഇവരുടെ ജോലി. കോണ്ട്രാക്റ്റ് അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. പിന്നീട് ഇവരുടെ ജോലി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ട് വിലയിരുത്തി കരാര്‍ പുതുക്കും.
എന്നാല്‍ സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടി പ്രതിഷേധം രേഖപ്പെടുത്തി. സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം ചെലവഴിച്ച് രാഷ്ട്രീയ പ്രചരണം നടത്തുന്നതിന് ജോലിക്കാരെ നിയമിക്കുന്നതിനെതിരെയാണ് പ്രതിപക്ഷം പ്രതിഷേധം രേഖപ്പെടുത്തിയത്. 2014 ല്‍ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം എല്ലാ ഉപതെരഞ്ഞെടുപ്പുകളിലും ബിജെപിക്ക് കനത്ത തോല്‍വിയാണ് നേരിടേണ്ടിവന്നത്.