ഉറ്റവരെല്ലെങ്കിലും ചിലരുടെ മരണവാര്‍ത്ത നമ്മെ തളര്‍ത്തും. അത്തരത്തില്‍ മനസു നോവിച്ച മരണവാര്‍ത്തയെ കുറിച്ച് വികാരനിര്‍ഭരമായി കുറിക്കുകയാണ് യുഎഇയിലെ സാമൂഹ്യ പ്രവര്ത്തകന് അഷ്റഫ് താമരശ്ശേരി. ഹൃദയാഘാതം മൂലം മരണമടഞ്ഞ കോഴിക്കോട് സ്വദേശിനി സഫീറയുടെ വിയോഗത്തെ കുറിച്ചാണ് അഷ്റഫിന്റെ വേദനിപ്പിക്കുന്ന കുറിപ്പ്.
യുഎഇയില്‍ സ്ത്രീകളുടെ കോവിഡ് സെന്ററില്‍ വളരേ ആത്മാര്‍ത്ഥമായി ഓടിനടന്ന് സേവനം ചെയ്ത വ്യക്തിത്വമായിരുന്നു സഫീറയെന്നും അഷ്റഫ് ഓര്‍ക്കുന്നു. ‘കഴിഞ്ഞ ആഴ്ച്ച ഒരു സുഹൃത്ത് മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ദുബൈ എംബാമിംഗ് സെന്ററില്‍ വെച്ചാണ് അവസാനമായി സഫീറയെ കാണുന്നത്. കൊറോണ മൂലം മരിച്ച വ്യക്തിയുടെ ഭാര്യക്ക് സഹായിയായി എത്തിയതായിരുന്നു. കൊറോണായാണ് സൂക്ഷിക്കണം എന്ന് ഞാന്‍ പറഞ്ഞപ്പോള്‍, നിങ്ങള്‍ ഇവിടെയുള്ളപ്പോള്‍ എനിക്ക് മരിക്കാന്‍ പേടിയില്ലഎന്ന് തമാശയായി പറഞ്ഞത് താങ്ങാനാകാത്ത സങ്കടത്തോടെ ഇപ്പോഴും കാതില്‍ മുഴങ്ങുന്നു’.- അഷ്റഫ് താമരശ്ശേരി പറയുന്നു.
ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
ചില മരണങ്ങള് നമ്മെ വല്ലാതെ വേദനിപ്പിക്കും, തളര്‍ത്തിക്കളയും. എല്ലാവരുടെയും ജീവിതത്തില്‍ ഇങ്ങിനെ സ്വാധീനിക്കുന്ന ചിലരുണ്ടാകും. അത്തരത്തിലുള്ള ഒരു വ്യക്തിത്വമായിരുന്നു ഇന്ന് നമ്മോട് വിടപറഞ്ഞ സഹോദരി കോഴിക്കോട് സ്വദേശിനി സഫീറ മുനീര്‍. വീട്ടില്‍വെച്ചുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. എന്റെ കുടുംബത്തോട് ഏറെ അടുപ്പമുള്ള സഹോദരിയാണ്. സ്ത്രീകളുടെ കോവിഡ് സെന്ററില്‍ വളരേ ആത്മാര്‍ത്ഥമായി ഓടിനടന്ന് സേവനം ചെയ്ത വ്യക്തിത്വം.
കഴിഞ്ഞ ആഴ്ച്ച ഒരു സുഹൃത്ത് മരണപ്പെട്ടതുമായി ബന്ധപ്പെട്ട് ദുബൈ എംബാമിംഗ് സെന്ററില്‍ വെച്ചാണ് അവസാനമായി സഫീറയെ കാണുന്നത്. കൊറോണ മൂലം മരിച്ച വ്യക്തിയുടെ ഭാര്യക്ക് സഹായിയായി എത്തിയതായിരുന്നു ഇവര്‍ അവിടെ. കൊറോണായാണ് സൂക്ഷിക്കണം എന്ന് ഞാന്‍ പറഞ്ഞപ്പോള്‍, നിങ്ങള്‍ ഇവിടെയുള്ളപ്പോള്‍ എനിക്ക് മരിക്കാന്‍ പേടിയില്ലഎന്ന് തമാശയായി പറഞ്ഞത് താങ്ങാനാകാത്ത സങ്കടത്തോടെ ഇപ്പോഴും കാതില്‍ മുഴങ്ങുന്നു. സഹോദരിക്ക് ദൈവം സ്വര്‍ഗ്ഗം നല്കി അനുഗ്രഹിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.