പരവൂര്‍: അങ്കണവാടിക്ക് കെട്ടിടം നിര്‍മിക്കാന്‍ മൂന്നുസെന്റ് സ്ഥലം സൗജന്യമായി നല്കി നാടിന് മാതൃകയായി വീട്ടമ്മ. പരവൂര്‍ നഗരസഭയിലെ റെയില്‍വേ സ്റ്റേഷന് വാര്‍ഡില്‍ അങ്കണവാടി കെട്ടിടം നിര്‍മിക്കാനാണ് പരവൂര്‍ കുറുമണ്ടല്‍ പാറയ്ക്കല്‍വീട്ടില്‍ ജനാര്ദനന് ഉണ്ണിത്താന്റെ ഭാര്യ സുകുമാരി ഇട്ടിയമ്മ സ്ഥലം സൗജന്യമായി നല്‍കിയത്.
കോട്ടപ്പുറം ഗവ. എല്‍പി സ്കൂളില്‍ നടന്ന വാര്‍ഡ്സഭാ യോഗത്തില്‍ വെച്ച് സുകുമാരി ഇട്ടിയമ്മ സ്ഥലത്തിന്റെ ആധാരം നഗരസഭയ്ക്ക് കൈമാറി. വാര്‍ഡ്സഭാ യോഗം ഉദ്ഘാടനം ചെയ്ത നഗരസഭാ ചെയര്‍പേഴ്സണ്‍ പി ശ്രീജ ആധാരം ഏറ്റുവാങ്ങി.
കൗണ്‍സിലറും നഗരസഭാ ക്ഷേമകാര്യ സ്ഥിരംസമിതി ചെയര്‍മാനുമായ എസ് ശ്രീലാലിന്റെ പ്രേരണയിലാണ് വാര്‍ഡില്‍ മൂന്നുസെന്റ് സ്ഥലം ഇവര്‍ സൗജന്യമായി നല്‍കിയത്. വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ വി അംബിക, നഗരസഭാ മുന്‍ കൗണ്‍സിലര്‍ എസ് ജയ എന്നിവരും വാര്‍ഡ് സഭാംഗങ്ങളും ചടങ്ങില്‍ സംബന്ധിച്ചു.