ഇരിട്ടി: കണ്ണൂര്‍ ഇരിട്ടി പയഞ്ചേരിമുക്കില്‍ ഒമ്പത് വയസുകാരിക്ക് ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതിരോധ നടപടികള്‍ ശക്തമാക്കി. രോഗം ബാധിച്ച കുട്ടിയുടെ വീട്ടുകാര്‍ ഉപയോഗിക്കുന്ന കിണറ്റിലെ വെള്ളം പരിശോധനയ്ക്കായി ശേഖരിച്ചു. സമീപ വീടുകളിലെ കിണറുകളില്‍ ക്ലോറിനേഷന് നടത്തി.
25 ഭക്ഷണ വിതരണ സ്ഥാപനങ്ങളില്‍ നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ സഹകരണത്തോടെ പരിശോധന നടത്തി. അതേസമയം, രോഗബാധിതയായ കുട്ടി മറ്റെങ്ങും യാത്ര നടത്തിയിട്ടില്ല. ഇതേ തുടര്‍ന്ന് ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ സംഘം. പ്രദേശത്തു നിന്നു തന്നെയാകാം രോഗം ബാധിക്കാനിടയായ ബാക്ടീരിയ സാന്നിധ്യം ഉണ്ടായതെന്ന സംശയവും അതീവഗൗരവത്തോടെയാണു കാണുന്നതെന്ന് അധികൃതര്‍ പ്രതികരിക്കുന്നു.
നഗര മേഖലയിലെ ഒരു ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ചിട്ടുണ്ടെന്നു കുടുംബാംഗങ്ങള്‍ പറഞ്ഞിട്ടുള്ളതിനാലാണ് ഈ സ്ഥാപനം ഉള്‍പ്പെടെ പരിശോധിച്ചത്. അതേസമയം, സംശയകരമായി ഒന്നും കണ്ടെത്താനായില്ല. ശുചിത്വം ഉറപ്പു വരുത്താന്‍ എല്ലായിടത്തും നിര്‍ദേശം നല്‍കുകയും ചെയ്തു.