ന്യൂഡല്‍ഹി: ശിവ കാവടിയെ സ്പര്‍ശിച്ചു എന്നാരോപിച്ച് ഡല്‍ഹിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം. അക്ഷയ്, ആല്ബിന് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.
ക്ലാസ് കഴിഞ്ഞു റൂമിലേക്ക് മടങ്ങവെ കാവടിയില്‍ സ്പര്‍ശിച്ചെന്ന കാരണത്തില്‍ ആദ്യം അക്ഷയെ മര്‍ദിക്കുകയായിരുന്നു. പിന്നീട് ചോദിക്കാന്‍ ചെന്ന ആല്‍ബിനേയും അവര്‍ വെറുതെ വിട്ടില്ല. 40ലേറെ പേര് ചേര്‍ന്നായിരുന്നു ആക്രമം അഴിച്ചുവിട്ടത്. എറണാകുളം സ്വദേശികളായ ഇരുവരും സിവില്‍ സര്‍വീസ് കോച്ചിംഗിനായി 2 മാസം മുമ്പാണ് ഡല്‍ഹിയില്‍ എത്തിയത്.
അക്രമം നടക്കവെ സമീപത്തു പോലീസുകാര്‍ ഉണ്ടായിരുന്നെങ്കിലും ഏറെ വൈകിയാണ് ഇവര്‍ പിടിച്ചുമാറ്റാന്‍ തയ്യാറായത്. ഒടുവില്‍ പരാതി നല്കാന് പോലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് കുട്ടികള്‍ക്കെതിരെ പരാതിയെടുക്കുമെന്നായിരുന്നു പോലീസിന്റെ പ്രതികരണമെന്ന് ആല്ബിന് പറഞ്ഞു.
മാത്രമല്ല, കേസ് നല്കിയാല് കുട്ടികള്‍ താമസിക്കുന്ന ഗ്രാമത്തില്‍ സ്വസ്ഥമായി താമസിക്കാന്‍ അക്രമികള്‍ വിടില്ലെന്നുമായിരുന്നു പോലീസിന്റെ മറുപടി. പഠനം തുടരാന്‍ പറ്റില്ലെന്ന പേടിയിലാണ് കേസ് കൊടുക്കാതെ കുട്ടികളും രക്ഷിതാക്കളും തിരികെ മടങ്ങിയത്.