കൊവിഡ് മൂലം സംസ്ഥാനത്ത് അടഞ്ഞുകിടക്കുന്ന സിനിമ തിയ്യറ്ററുകള്‍ ജനുവരി 5 മുതല്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും തിയ്യറ്ററുകള്‍ തുറക്കേണ്ടതില്ലെന്ന നിലപാടിലാണ് ഫിലിം ചേമ്പര്‍. ഇന്ന് ചേര്‍ന്ന തിയ്യറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ ജനറല്‍ ബോഡി യോഗത്തിലാണ് നടനും നിര്‍മ്മാതാവും തിയ്യറ്റര്‍ ഉടമയുമായ ദിലീപ് നിലപാട് വ്യക്തമാക്കിയത്.
ജനുവരി 5ന് തിയ്യറ്ററുകള്‍ തുറക്കേണ്ടെന്ന നിലപാട് കൈക്കൊണ്ട ഫിലിം ചേമ്പറിന്റെ തീരുമാനം ഉണ്ടായ ശേഷമാണ് ഇന്ന് തിയ്യറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കിന്റെ അടിയന്തര ജനറല്‍ബോഡി യോഗം കൊച്ചിയില്‍ നടന്നത്. ഫിയോക്കിന്റെ ചെയര്മാന് നടന് ദിലീപ്, പ്രസിഡന്റ് ആന്റണി പെരുമ്പാവൂര്‍, ജനറല്‍ സെക്രട്ടറി എം സി ബോബി, ട്രഷറര്‍ സുരേഷ് ഷെണായി എന്നിവരും സംഘടനയിലെ ഭൂരിഭാഗം അംഗങ്ങളും യോഗത്തിനായി എത്തിയിരുന്നു.
സംസ്ഥാനത്ത് തിയ്യറ്ററുകള്‍ തത്കാലം തുറക്കേണ്ടതില്ലെന്നാണ് യോഗത്തില്‍ ദിലീപ് നിലപാട് വ്യക്തമാക്കിയത്. ദിലീപിനെ ആന്റണി പെരുമ്പാവൂര്‍ പിന്തുണയ്ക്കുകയുമുണ്ടായി. ഈ പ്രത്യേക സാഹചര്യത്തില്‍ ഒരു തമിഴ് സിനിമയ്ക്കുവേണ്ടി തിയ്യറ്റര്‍ തുറക്കേണ്ടതുണ്ടോയെന്നാണ് ദിലീപ് യോഗത്തില്‍ ചോദിച്ചത്.
പൊങ്കല്‍ റിലീസായെത്തുന്ന ദളപതി വിജയ്യുടെ മാസ്റ്റര്‍ ജനുവരി 13നാണ് റിലീസ്. അത് മുന്നില്‍ കണ്ട് ഇപ്പോള്‍ തിയ്യറ്ററുകള്‍ തുറക്കേണ്ടതില്ലെന്നാണ് ഫിയോക്ക് തീരുമാനം എടുത്തിയിരിക്കുന്നത്. ദിലീപും ആന്റണിയും തങ്ങളുടെ നിലപാട് അറിയിച്ചതോടെ ഫിയോക്ക് യോഗത്തില്‍ ഭൂരിപക്ഷം അംഗങ്ങളും പിന്തുണച്ചതായാണ് വിവരം.
2020 മാര്‍ച്ച് പകുതി മുതല്‍ കഴിഞ്ഞ പത്തുമാസത്തോളമായി കേരളത്തിലെ തിയ്യറ്ററുകള്‍ അടഞ്ഞുകിടക്കുകയാണ്. ഇനി തുറക്കണമെങ്കില്‍ വിനോദനികുതി പോലുള്ള അധിക ബാധ്യതകളുടെ പ്രശ്നങ്ങളുണ്ടെന്നും വൈദ്യുതി ചാര്‍ജ്ജ് അടക്കമുള്ള മറ്റു സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നുമെല്ലാം മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ തിയ്യറ്റര്‍ സംഘടനകള്‍ വിശദീകരിച്ചിരുന്നു. പക്ഷേ അനുകൂല നടപടി ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്നാണ് ഇങ്ങനെ ഒരു നിലപാട് സ്വീകരിച്ചതെന്ന് കരുതുന്നു.