സിനിമാ മേഖലയ്ക്ക് ആശ്വാസമായി സംസ്ഥാനതത്തെ തിയ്യറ്ററുകള്‍ ജനുവരി അഞ്ചിന് തുറക്കും. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പത്രസമ്മേളനത്തിലാണ് സംസ്ഥാനത്തെ തിയ്യറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ പ്രഖ്യാപനം നടത്തിയത്.
ഇതോടെ പ്രതിസന്ധിയിലായിരിക്കുന്ന സിനിമകള്‍ക്ക് പുതുജീവന്‍ ലഭിക്കും. കേരളത്തിലെ കൊവിഡ്-19 നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയുടെ പുതിയ തീരുമാനം. ഒരു വര്‍ഷത്തോളമായി അടച്ചിട്ട തീയ്യറ്ററുകളാണ് ഇപ്പോള്‍ വീണ്ടും തുറക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ തീയ്യറ്ററുകളില്‍ പകുതി സീറ്റുകളില്‍ മാത്രമേ ഇപ്പോള്‍ കാഴ്ചക്കാരെ അനുവദിക്കുകയുള്ളൂ.
സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിനാളുകള്‍ പ്രതിസന്ധിയിലായ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളോടെ തിയ്യയറ്ററുകള് തുറക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളും മാനദണ്ഡങ്ങളും തീര്‍ച്ചയായി പാലിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ഒരു ഷോയ്ക്ക് പകുതി ടിക്കറ്റുകള്‍ മാത്രം വില്‍ക്കാനുള്ള അനുമതിയാണ് ഇപ്പോഴുള്ളത്. സിനിമാശാലകള്‍ അണുവിമുക്തമാക്കി ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന കൊവിഡ് പ്രോട്ടോക്കോള്‍ കൃത്യമായും പാലിച്ചുകൊണ്ടു മാത്രമേ തീയ്യറ്ററുകള്‍ വീണ്ടും പ്രവത്തനം ആരംഭിക്കാന്‍ പാടുള്ളൂ. വീഴ്ച വരുത്തുന്ന തിയ്യറ്ററുകള്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ഉടനടി തന്നെ തീയ്യറ്ററുകള്‍ അണുവിമുക്തമാക്കാനുള്ള നടപടികള്‍ ആരംഭിക്കണമെന്ന് പിണറായി വിജയന് നിര്‍ദ്ദേശിച്ചിരുന്നു. അറുപതോളം സിനിമകളാണ് ഇപ്പോള്‍ റിലീസിനായി തയ്യാറെടുത്തിരിക്കുന്നത്.